താനാളൂർ ഗ്രാമപഞ്ചായത്തിലെ പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കായിക ന്യൂനപക്ഷക്ഷേമ വഖഫ് റെയിൽവെ മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടുപയോഗിച്ച് 27.18 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പരിപാടിയിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. താനാളൂർ മെഡിക്കൽ ഓഫീസർ ഡോ. യു. പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യ കേരളം പ്രൊജക്ട് മാനേജർ ഡോ. വരുൺ, ഡോ. അഹമ്മദ് കുട്ടി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കുനിയിൽ അമീറ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി സിനി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. സതീശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി, എൻ.പി അബ്ദുല്ലത്തീഫ്, സുലൈമാൻ അരീക്കാട്, റഫീഖ് മീനടത്തൂർ പങ്കെടുത്തു.
കെട്ടിട നിർമാണത്തിന് മികച്ച സഹകരണങ്ങൾ നൽകിയ വടക്കേതിൽ നാസർ, മേലേക്കാട്ടിൽ വേലായുധൻ, പി.പി മമ്മുക്കുട്ടി, പോക്കർ എന്നിവരെ വേദിയിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ. പ്രേമരാജൻ നന്ദിയും പറഞ്ഞു.