വില്ലേജ് ഓഫീസിലേക്ക് കയറി വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമ്പോഴാണ് വില്ലേജ് ഓഫീസുകള്‍ യഥാര്‍ത്ഥത്തില്‍ സ്മാട്ട് ആകുന്നതെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. കാന്തലാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാര്‍ഗ്ഗം നിയമ വഴിയിലൂടെ കണ്ടെത്തി ബോധ്യപ്പെടുത്തണം. അപ്പോൾ ഓഫീസുകള്‍ സ്മാര്‍ട്ടാകും. കേരളത്തിലെ എല്ലാ ഓഫീസുകളെയും സ്മാര്‍ട്ടും ഡിജിറ്റലൈസും ആക്കുന്ന വിധത്തില്‍ നവീകരിക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2020-21 വര്‍ഷത്തെ റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം  കാന്തലാട് വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഴയ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ച് സ്ഥല പരിമിതി കാരണം പുതിയ രണ്ട് നില കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ വെയിറ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ റൂം, ഓഫീസ്, റെക്കോര്‍ഡ് റൂം, മീറ്റിംഗ് റൂം, സ്റ്റാഫുകള്‍ക്കും അംഗപരിമിതര്‍ക്കും വേണ്ടി പ്രത്യേക ശൗചാലയം , ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, ഇലക്ട്രിഫിക്കേഷന്‍, ലാന്റ് കേബിളിങ്ങ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ചടങ്ങില്‍ അഡ്വ. കെ എം സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനിയര്‍ ശശി കെ.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുട്ടികൃഷ്ണന്‍ , വൈസ് പ്രസിഡന്റ് ഇ.വി ഖദീജക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി കെ പണിക്കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, എ.ഡി.എം എ മുഹമ്മദ് റഫീഖ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടര്‍ എ ഗീത സ്വാഗതവും താമരശ്ശേരി തഹസില്‍ദാര്‍ സുബൈര്‍ സി നന്ദിയും പറഞ്ഞു.