സാമൂഹ്യ വികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും പൊതുജനാരോഗ്യ രംഗത്ത് കേരളം സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് നടത്തി വരുന്നതെന്നും തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് , ലബോറട്ടറി, വിശ്രമമുറി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉയർന്ന ആരോഗ്യനിലവാരം കൈവരിച്ചിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ്. അംഗീകൃത ആരോഗ്യ സൂചകങ്ങളായ പൊതു മരണനിരക്ക്, പൊതു ജനന നിരക്ക്, ശിശുമരണനിരക്ക്, ആയുര്ദൈര്ഘ്യം എന്നിവയില് വികസിത രാജ്യങ്ങള്ക്കൊപ്പമാണ് നമ്മുടെ സ്ഥാനം. ആരോഗ്യ മേഖലക്ക് നമ്മൾ നൽകി വരുന്ന പ്രാധാന്യത്തിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ ആരോഗ്യ മേഖലക്ക് ലഭിച്ച് വരുന്ന അംഗീകാരങ്ങളെന്നും മന്ത്രി പറഞ്ഞു.
2016ല് ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപയായിരുന്നുവെങ്കിൽ,ഇപ്പോഴത് നാലിരട്ടിലധികം വര്ധിച്ച് 2,828 കോടി രൂപയാക്കി എന്നത് മാത്രം മതി സംസ്ഥാന സർക്കാർ ആരോഗ്യ മേഖലക്ക് നൽകി വരുന്ന പ്രാധാന്യം മനസ്സിലാക്കാനെന്നും 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില് 630 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരിക്കുകയാണെന്നും 4261 സബ് സെന്ററുകളെ ഹെല്ത്ത് ആന്റ് വെല്നസ് സെന്ററുകളായി ഉയര്ത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലീ രോഗനിര് ണയത്തിനായി പുതു ചുവടുവയ്പ്പാണ് കേരളം നടത്തി വരുന്നത്.
ആര്ദ്രം ജനകീയ ക്യാബയിനിലൂടെ 1.33 കോടിയോളം പേരെ ആരോഗ്യ പ്രവര്ത്തകര് വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. സംസ്ഥാനത്ത് ഓക്‌സിജന് സ്വയംപര്യാപ്തത ഉറപ്പാക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ലബോറട്ടറി, ആശാവർക്കർമാർക്കുള്ള വിശ്രമ കേന്ദ്രം തുടങ്ങിയവ ഗ്രാമപഞ്ചായത്ത് പദ്ധതി പ്രകാരവും സ്വാന്ത്വന പരിചരണത്തിനായി പുതിയ ആംബുലൻസ്, കവാടം എന്നിവ ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചുമാണ് സജ്ജമാക്കിയിരിക്കുന്നത്.
ചടങ്ങിൽ ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ ചന്ദ്രബാബു , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ആർ നിഖിൽ, വാസന്തി തിലകൻ , എം എസ് നിഖിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി എസ് ജിനേഷ്, എം കെ ഫൽഗുണൻ , നൗമി പ്രസാദ്, . വാർഡ് മെമ്പർ കെ എസ് അനിൽകുമാർ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. വി കെ ജ്യോതിപ്രകാശ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ആർ സുരേഷ് , ചാമക്കാല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ കെ വി നിതീഷ് , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.