നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുറമേരി ഗ്രാമപഞ്ചായത്ത് ഭരണസാരഥികൾക്ക് പൗരാവലി ഒരുക്കിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അധികാരവികേന്ദ്രീകരണവും പ്രാദേശിക ആസൂത്രണവും ഏറ്റവും ഫലപ്രദമായി നിർവഹിക്കുന്ന സംസ്ഥാനം കേരളമാണ്. ഇക്കാര്യത്തിൽ കേരളം മറ്റേത് സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഏറ്റവും താഴെത്തട്ടിലുള്ള വികസനം സാധ്യമാക്കാൻ സംസ്ഥാനത്തിന് ഇതിലൂടെ കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ പിന്തുണ നൽകിയതെന്നും മന്ത്രി പറഞ്ഞു.
കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതിലക്ഷ്മിയും മറ്റു ജനപ്രതിനിധികളും ചേർന്ന് പൗരാവലി ഒരുക്കിയ ഉപഹാരം ഏറ്റുവാങ്ങി.
പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും പട്ടികജാതി ഫണ്ട് വിനിയോഗത്തിലും നേടിയ 100% വിജയം, ആർദ്രം കേരളം എൻ ക്യൂ എ എസ് പുരസ്കാര നിറവിൽ കുടുംബാരോഗ്യ കേന്ദ്രം, അങ്കണവാടികൾക്ക് സ്വന്തം കെട്ടിടങ്ങൾ, ടേക്ക് എ ബ്രേക്ക്, എം സി എഫ്, മിനി എം സി കേന്ദ്രങ്ങൾ, ദുരന്ത നിവാരണ സേനക്ക് ഉപകരണങ്ങൾ,
ഇ-ഹെൽത്ത്, മൊബൈൽ മെഡിക്കൽ ലാബ്, പാലിയേറ്റീവ് പരിചരണം, ബഡ്സ് സ്കൂൾ, കായിക മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ, പൂർത്തീകരണത്തിലേക്ക് എത്തുന്ന ലൈഫ് ലിസ്റ്റ്, തൊഴിലുറപ്പിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പഞ്ചായത്ത് ഭരണസാരഥികൾക്ക് സ്വീകരണവും അനുമോദനവും ഒരുക്കിയത്. അനുമോദന സമ്മേളനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി. കലാപരിപാടിയും അരങ്ങേറി.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് മാസ്റ്റർ കൂടത്താങ്കണ്ടി, തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ ടി കെ ബാലകൃഷ്ണൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ പി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.