സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ തൃശ്ശൂർ ജില്ലയിൽ നിലവിലുള്ള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ആദ്യ ദിവസം വിവിധ വിഷയങ്ങളിലുള്ള 95 പരാതികൾ പരിഗണിച്ചു. 58 പരാതികൾ ഉടനടി പരിഹരിച്ചു. ഭൂമി കയ്യേറ്റം സംബന്ധിച്ച മൂന്ന്‌ പരാതികളിൽ കമ്മീഷൻ നേരിട്ട് പോയി സ്ഥലം സന്ദർശിച്ചു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അദാലത്തിന് കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജി , മെമ്പർമാരായ എസ് അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകി.

മൂന്ന് ബെഞ്ചുകളിലായി പ്രളയ ഫണ്ട് ലഭിക്കാതിരിക്കൽ,ജോലി സ്ഥലത്തു നിന്നുള്ള അതിക്രമം, ജാതിയധിക്ഷേപം, ധനസഹായങ്ങൾ ലഭിക്കാതിരിക്കാൻ, ഭൂമി സംബന്ധമായ വിഷയങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാത്തത്, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കണ്ടു. പരാതി പരിഹാര അദാലത്ത് നാളെ ( 7/6/23) സമാപിക്കും. പുതിയ പരാതികൾ സ്വീകരിക്കും.

പരാതി അദാലത്തിൽ ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികജാതി/പട്ടികവർഗ്ഗവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു