സർക്കാർ പ്രഥമ പരിഗണന തീരദേശ മേഖലയ്ക്കാണ് നൽകുന്നതെന്നും എല്ലാ മത്സ്യ തൊഴിലാളികൾക്കും വാസയോഗ്യമായ വീട് നൽകുക, 50 മീറ്ററിനുള്ളിൽ അപകടകരമായ വിധത്തിൽ താമസിക്കുന്നവരെ സുരക്ഷിതമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീര സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു വ്യക്തിയെയും വേദനിപ്പിച്ച് കൊണ്ടോ ഒരു കുടുംബത്തെയും അനാഥമാക്കിയോ ഈ സർക്കാർ ഒരു പദ്ധതിയും നടപ്പാക്കില്ല. എല്ലാ ആളുകളെയും സംരക്ഷിച്ചാകും തീരദേശ ഹൈവേ വരാൻ പോകുന്നത്. ആളുകളുടെ ആശങ്കകൾ പരിഹരിക്കാൻ എം.എൽ.എ , കലക്ടർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യ ഫെഡിനും ഫിഷറീസ് വകുപ്പിനും എവിടെയെല്ലാം സ്ഥലങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നുവോ അവ ഏറ്റെടുത്ത് സംരംഭങ്ങൾ ആരംഭിക്കും. ഇത്തരത്തിലുള്ള ഗുരുവായൂർ നിയോജക മണ്ഡലത്തിലെ സ്ഥലങ്ങളിൽ എം.എൽ.എ യുടെ നിർദേശ പ്രകാരം സംരംഭം ആരംഭിക്കും. സുനാമി കോളനി വീടുകളിൽ പുതുക്കി പണിയേണ്ടവ പുതുക്കുകയും നവീകരിക്കേണ്ട നവീകരിക്കുകയും ചെയ്യും. ഈ വർഷം മണ്ഡലത്തിൽ ചില വീടുകൾ നവീകരിക്കും. എത്രയും വേഗം പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

തീരദേശത്തെ സ്കൂളുകൾ ഹൈടെക്ക് ആയി. ഈ സർക്കാരിന്റെ കാലത്ത് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ മെറിറ്റ് അടിസ്ഥാനത്തിൽ എവിടെ വരെ പഠിക്കണോ അവിടെ വരെ അവരെ സൗജന്യമായി പഠിപ്പിക്കും. മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ ഏറ്റെടുത്ത് അവർക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ സ്ഥലം ലഭ്യമായാൽ പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നത് ചിന്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധനം അല്ലാത്ത ഒരു ജോലി ഒരു വീട്ടിൽ ഒരാൾക്ക് എങ്കിലും ഉണ്ടാകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മത്സ്യങ്ങളുടെ മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണത്തിലേക്കും മുന്നോട്ട് വരണം . സാഫ് വഴിയുള്ള സ്ത്രീകളുടെ യൂണിറ്റുകളെ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഇൻഷുറൻസ് എടുക്കാതെ കടലിൽ പോകരുത്. ഇൻഷുറൻസ് എടുക്കാതെ പോയാൽ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കർക്കശ സമീപനങ്ങൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, അപകടരഹിതമായ മത്സ്യബന്ധനം നടപ്പാക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും കൂടുതൽ യന്ത്രവൽകൃത ബോട്ടുകൾ വാങ്ങി ആഴക്കടൽ മത്സ്യബന്ധനം വളർത്തണമെന്നും മന്ത്രി പറഞ്ഞു.
തീരദേശത്ത് ശുചിത്വ സാഗരം സുന്ദര തീരം, ലഹരി ഉപയോഗം എന്നിവയെ കുറിച്ചുള്ള ക്യംപെയിൻ നടത്തുമെന്നും വിദ്യാഭ്യാസ കോഴ്സുകളെ കുറിച്ചും മറ്റും മത്സ്യത്തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ അധ്യക്ഷനായി. തീരദേശ മേഖലയുടെ മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള സമഗ്രമായ പരിപാടിയാണ് തീര സദസ്സ്.
തീരസദസ്സിന്റെ ഭാഗമായി വിവിധ അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുത്തു. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും മുതിർന്ന 68 മത്സ്യത്തൊഴിലാളികളേയും 15 വർഷം പൂർത്തിയാക്കിയ സാഫ് യൂണിറ്റിലെ നാല്‌ പേരെയും കലാ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 18 പേരെയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ആദരിച്ചു. ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിംഗിൽ വിജയം നേടിയ വിദ്യാർത്ഥിക്ക് സാഫിന്റെ സർട്ടിഫിക്കറ്റ് മന്ത്രി നൽകി.

പുനർഗേഹം പദ്ധതി പ്രകാരം കടൽത്തീരത്ത് നിന്നും പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയ 20 പേരുടെ സ്ഥലത്തിന്റെ ആധാരം ചടങ്ങിൽ വെച്ച് മന്ത്രി നൽകി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹ ധനസഹായമായി 35 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം ആകെ 3, 50,000 രൂപയും മരണപ്പെട്ട 10 മത്സ്യത്തൊഴിലാളി കുടുംബത്തിന് 15,000രൂപ വീതം 1,50,000 രൂപയും സാഫിന്റെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 6 യൂണിറ്റുകൾക്ക് 3,69,742 രൂപയുടെ ധനസഹായവും ജെ.എൽ.ജി. സംരംഭങ്ങൾക്കുള്ള ധനസഹായമായി 3 യൂണിറ്റുകൾക്ക് 1,50,000രൂപയുടെ ധനസ സഹായവും ഉൾപ്പെടെ ആകെ 10,19,742 (പത്ത് ലക്ഷത്തി പത്തൊമ്പതിനായിരത്തി എഴുനൂറ്റി നാൽപ്പത്തി രണ്ട് രൂപ മാത്രം) യുടെ ധനസഹായം ചടങ്ങിൽ വച്ച് നൽകി.

മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ ചടങ്ങിൽ മുഖ്യാതിഥിയായി. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടിവി സുരേന്ദ്രൻ, സുശീല സോമൻ, ഹസീന താജുദ്ദീൻ, ജാസ്മിൻ ഷഹീർ, വിജിതാ സന്തോഷ്, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശ്രീധരൻ മാക്കാലിക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹീം വീട്ടിപറമ്പിൽ, മുഹമ്മദ് ഗസാലി, ചാവക്കാട് നഗരസഭ കൗൺസിലർ ബേബി ഫാൻസിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.