പൂപ്പാറ പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ നവീകരിച്ച സ്റ്റാര്‍സ് പ്രീ പ്രൈമറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു. സമഗ്രശിക്ഷാ കേരളത്തിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ‘കിളിക്കൂട്’ എന്ന പേരില്‍ മാതൃകാ ശിശുസൗഹൃദ പ്രീ പ്രൈമറി സജ്ജമാക്കിയത്. രാവിലെ 11 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ആര്‍ ജയന്‍ മുഖ്യപ്രഭാഷണം നടത്തി.

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതി പ്രകാരം പ്രീ പ്രൈമറി കുട്ടികള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്നും കണ്ടും കേട്ടും അനുഭവിച്ചും വിജ്ഞാനം നേടുന്നതിന് സഹായകരമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന ഇടങ്ങളാണ് എല്‍പി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളര്‍ത്തുന്നതിനായി ഭാഷാ വികാസയിടം, ലഘു ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും ഉപയോഗപ്രദമാകുന്ന ശാസ്ത്രയിടം, കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് വരയിടവും ആട്ടവും പാട്ടും, കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുന്ന ഇ-ഇടം, കളിയിടം, ഹരിത ഉദ്യാനം തുടങ്ങി മൂന്ന് മുതല്‍ അഞ്ച്‌ വയസുവരെ പ്രായമുള്ള കുട്ടികളുടെ സര്‍വ്വതലങ്ങളിലുമുള്ള വികാസത്തിന് സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം ജിഷ ദിലീപ്, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമാ മഹേശ്വരി, ജനപ്രതിനിധികളായ മനു റെജി, രാജേശ്വരി കാളിമുത്തു, എം ഹരിചന്ദ്രന്‍, പ്രിയദര്‍ശിനി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള ബാലന്‍, ബിആര്‍സി ബിപിഒ തോമസ് ജോസഫ്, ട്രെയിനര്‍ ഗോകുല്‍രാജ്, പൂപ്പാറ എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് റീന അടൈയ്ക്കളമേരി, പിടിഎ പ്രസിഡന്റ് ജയപ്രകാശ്, ശാന്തന്‍പാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി വി ഷാജി, ആസൂത്രണ കമ്മിറ്റി ചെയര്‍മാന്‍ സേനാപതി ശശി, ശാന്തന്‍പാറ മെഡിക്കല്‍ ഓഫീസര്‍ അതുല്യ, ശാന്തന്‍പാറ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ആശ ടി ജേക്കബ്, അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.