തീരസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരേ നിയമമാണ് രാജ്യം മുഴുവൻ നടപ്പാക്കുന്നതെങ്കിലും കേരളത്തിൽ നിലനിൽക്കുന്ന ചില പ്രത്യേക സാഹചര്യങ്ങൾ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഫീഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല പറഞ്ഞു. നാട്ടിക നിയോജക മണ്ഡലത്തിൽ നടന്ന സാഗർ പരിക്രമയാത്ര പരിപാടിയും തീരസദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കാനാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. മത്സ്യ- തീരദേശ മേഖലയിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരേ ക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഒരേ ലക്ഷ്യത്തിനായി ഇരു സർക്കാരുകളും നടത്തുന്ന വ്യത്യസ്ത പരിപാടികൾക്ക് ഒരേ വേദി ലഭിച്ചത് അഭിനന്ദനാർഹമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ആശങ്കകൾ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉണ്ട്. എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാരിൻ്റെയും ആഗ്രഹം. കുറഞ്ഞ സമയത്തിനുള്ളിൽ മത്സ്യത്തൊഴിലാളികൾ, സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി സംവദിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
600 കീലോ മീറ്റർ തീരപ്രദേശമായതിനാൽ കേരളത്തിൽ തീര സംരക്ഷണം വലിയ പ്രശ്നമാണെന്നും ഇതിനായി സംരക്ഷണ ഭിത്തികൾ ആവശ്യമാണെന്നും ചടങ്ങിൽ അധ്യക്ഷനായ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശത്തിന്റെ വികസനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെയും മത്സ്യകർഷകരെയും വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കാനുമാണ് സാഗർ പരിക്രമയാത്രയിലൂടെ ലക്ഷ്യമാക്കുന്നത്..
തീരദേശ മേഖലയുടെ മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള സമഗ്രമായ പരിപാടിയാണ് തീര സദസ്സ് .തീര സദസിന്റെ ഭാഗമായി വിവിധ അപേക്ഷകൾ പരിശോധിച്ചു തീരുമാനം കൈക്കൊള്ളുകയും മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും മുതിർന്ന 35 വയസ്സ് തൊഴിലാളികളെയും വിവിധ മേഖലകളിൽ തെളിയിച്ച 25 പേരെയും ചടങ്ങിൽ കേന്ദ്ര മന്ത്രിമാരും മന്ത്രി സജി ചെറിയാനും ചേർന്ന് ആദരിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം കേന്ദ്ര മന്ത്രി പർഷോത്തം രൂപാല നിർവഹിച്ചു. ജില്ലയിൽ സാഫ് പദ്ധതിയിൽ 15 വർഷം പൂർത്തിയാക്കിയ യൂണിറ്റുകളെയും സാഫ് ചെറുകിട സംരംഭകരെയും ആദരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹ ധനസഹായം ആയി 10 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം ആകെ 1,00,000 രൂപയും മരണപ്പെട്ട ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് 15,000 രൂപയും സാഫിന്റെ സൂക്ഷ്മത തൊഴിൽ സംരംഭങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 4 യൂണിറ്റുകൾക്ക് 6, 95745 രൂപയുടെ ധനസഹായം ഉൾപ്പെടെ ആകെ 8,10,7 5 രൂപയുടെ ധനസഹായം ചടങ്ങിൽ നൽകി.
തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വികസനം, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സഹ മന്ത്രി ഡോ. എൽ മുരുകൻ, സി സി മുകുന്ദൻ എം.എൽ എ,
കേരള ഫീഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് , കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വികസനം വകുപ്പ് ഒ സി ഡി ഡോ. അഭിലാഷ് ലിഖി ഐ എ എസ് , കേരള ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ എസ് ശ്രീലു , നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് , ചീഫ് എക്‌സിക്യൂട്ടീവ് സുവർണ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ , മത്സ്യ തൊഴിലാളി സംഘടന നേതാക്കൻമാർ , ഉദ്യോഗസ്ഥർ ,രാഷ്ട്രീയ സാംസ്കാരിക ട്രേഡ് യൂണിയൻ നേതാക്കൾ , മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗങ്ങൾ, ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം , ഡയറിംഗ് വകുപ്പ് ഒ എസ് ഡി ഡോ. അഭിലാഷ് ലിഖി ഐ എ എസ് സാഗർ പരിക്രമയാത്ര പദ്ധതി വിശദീകരിച്ചു