വയനാട് ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലായി തകര്‍ന്നത് 702 ഗ്രാമീണ റോഡുകള്‍. 1063 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ പലതും പൂര്‍ണമായി തകര്‍ന്നു. ചില റോഡുകള്‍ കിലോമീറ്ററോളം ഇല്ലാതായി. നൂറുകണക്കിന് റോഡുകള്‍ ഭാഗികമായി തകര്‍ന്നു. റോഡിന്റെ ഉപരിതലം പുനര്‍നിര്‍മിക്കല്‍, ടാറിംഗ്, കലുങ്ക്, സംരക്ഷണഭിത്തികള്‍, ഓടകള്‍ നിര്‍മിക്കല്‍ എന്നിവയെല്ലാം റോഡ് നിര്‍മാണത്തില്‍ അധികൃതര്‍ നേരിടുന്ന വെല്ലുവിളികളാണ്. 172 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് മാത്രം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. തിരുനെല്ലി പഞ്ചായത്തില്‍ 40 റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇരുപതിലേറെ റോഡുകള്‍ തകര്‍ച്ച നേരിട്ടു. പൊഴുതന, പനമരം, തൊണ്ടര്‍നാട്, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും മൊത്തം റോഡുകളില്‍ പകുതിയിലേറെയും വലിയ തോതില്‍ തകര്‍ച്ച നേരിട്ടു. പലയിടത്തും ദിവസങ്ങളോളം ബസ് സര്‍വീസുകള്‍ നിലച്ചു. ചെറുവാഹനങ്ങള്‍ പോലും ഓടാന്‍ പറ്റാതായി. ചിലയിടങ്ങളില്‍ കല്ലും മണ്ണും മരക്കഷ്ണവും കോറി വേസ്റ്റുമെല്ലാം ഉപയോഗിച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് റോഡുകളിലുടെയുള്ള ഗതാഗതം സാധ്യമാക്കിയത്. റോഡുകളൂടെ നവീകരണത്തിന് ഒട്ടേറെ കടമ്പകളാണ് ഇനിയുള്ളത്. പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ റോഡുകളുടെ
പുനര്‍നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കള്‍ കിട്ടാത്തത് പ്രവൃത്തിയെ സാരമായി ബാധിക്കുന്നുണ്ട്. ക്വാറി ഉല്‍പന്നങ്ങള്‍ക്കും മണലിനും കടുത്ത ക്ഷാമമാണ്. വെള്ളം കയറി പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ കുഴിയടയ്ക്കാന്‍ പോലും സാധിക്കുന്നില്ല. ക്വാറി വേസ്റ്റ് കിട്ടാനില്ല. പാതകളില്‍ ദുര്‍ഘടയാത്രയാണ്. മാസങ്ങള്‍ക്കു മുമ്പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ പോലും നടത്താനാവാത്ത സ്ഥിതിയാണ്. മൂന്നര കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് റോഡുകള്‍ തകര്‍ന്നതിലൂടെയുണ്ടായ നഷ്ടം. 4.83 കിലോമീറ്റര്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 8.7 കിലോമീറ്റര്‍ ഭാഗമികമായി തകര്‍ന്നു. കേണിച്ചിറ – പൂതാടി – കോട്ടവയല്‍ റോഡില്‍ രണ്ടര കിലോമീറ്ററോളം ഭാഗം തകര്‍ന്നു. കണിയാരം – പിലാക്കാവ് – തൃശിലേരി റോഡില്‍ രണ്ട് കിലോമീറ്ററിലധികം തകര്‍ന്നു. നരിക്കുണ്ട് – തോമാട്ടുചാല്‍ റോഡ് ഒന്നര കിലോമീറ്ററും തോമാട്ടുചാല്‍ – കരടിപ്പാറ റോഡ് രണ്ടു കിലോമീറ്ററും മൂലങ്കാവ് – വള്ളുവാടി റോഡ് ഒന്നര കിലോമീറ്ററും ഭാഗികമായി തകര്‍ന്നു. വെണ്ണിയോട് – മെച്ചന – അരമ്പറ്റകുന്ന് റോഡ് രണ്ടര കിലോമീറ്റര്‍ ഭാഗികമായി തകര്‍ന്നു.
