പ്രളയക്കെടുതിയില്‍ നിന്നു കരകയറിയിട്ടില്ലാത്ത കുട്ടനാടിന് വയനാടിന്റെ വക സഹായമെത്തിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സ്നേഹവിരുന്നു സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സരളാദേവി മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.ആര്‍ മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. നിര്‍വാഹക സമിതി അംഗം പ്രഫ. കെ. ബാലഗോപാലന്‍, കെ.ടി ശ്രീവല്‍സന്‍, പി.ആര്‍ ഗിരിനാഥന്‍, പി.വി നിതിന്‍, എം.കെ ദേവസ്യ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുട്ടനാട്ടിലെ കുടുംബങ്ങളിലേക്ക് എത്തിക്കാനായി വയനാട്ടുകാര്‍ നല്‍കിയ ഉപഹാരങ്ങള്‍ എം.എല്‍.എ ഏറ്റുവാങ്ങി. വിരുന്നിനോടോപ്പം സംഘടിപ്പിച്ച ഗാനസന്ധ്യയില്‍ ബാഷി, ആര്‍. ഗോപാലകൃഷ്ണന്‍, രാമകൃഷ്ണന്‍ കല്‍പ്പറ്റ, ഷൈലജ സുരേന്ദ്രന്‍, പി.വി നിതിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.