മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന് മാതൃകയായി 5 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പെര്‍ഫെകട് പദ്ധതി, സ്‌കൂളിലെ ജല ഗുണനിലവാര പരിശോധന ലാബ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നതം വിജയം നേടിയവരെ മന്ത്രി അനുമോദിച്ചു. മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി പുരസ്‌കാരം നേടിയ ഡോ. ബാവ കെ. പാലുകുന്ന്, പെര്‍ഫെക്ട് പദ്ധതി ലോഗോ ഡിസൈനര്‍ സൈഫ് ചേന്ദമംഗല്ലൂര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ അനുമോദിച്ചു.

ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.പി ഷിജു, പി.വി വേണുഗോപാല്‍, ഹയര്‍ സെക്കണ്ടറി റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍, മീനങ്ങാടി ജി.എച്ച്.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോയ് വി. സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ – സാമൂഹ്യ പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.