കേരള സര്‍ക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരളാ അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) അക്രഡിറ്റേഷനോടു കൂടി സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ്, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് ഫെസിലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കായികതാരങ്ങള്‍, പ്രൊഫഷണല്‍ ക്ലബുകള്‍, ടൂര്‍ണമെന്റുകള്‍, സ്‌പോര്‍ട്‌സ് ലീഗുകള്‍ എന്നിവയടക്കമുള്ള സ്‌പോര്‍ട്‌സ് പ്രോപ്പര്‍ട്ടികള്‍ സൃഷ്ടിക്കുന്നതിനും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര പഠന മേഖലയാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്. കളിക്കോപ്പുകളും കളിക്കളങ്ങളും മറ്റ് അനുബന്ധി ഉപകരണങ്ങളും സങ്കേതങ്ങളും രൂപകല്പന ചെയ്യുകയും നിര്‍മ്മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് ശാഖയാണ് സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ്.
എതിരാളികളുടെ മേല്‍ മാനസിക വിജയം നേടുന്നതിനും പ്രകടനവുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കായികതാരങ്ങളെ സഹായിക്കുന്ന പ്രൊഫഷണലുകളാണ് സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകള്‍.
പ്ലസ്ടു, ബിരുദം, എഞ്ചിനീയറിംഗ്, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സ്‌പോര്‍ട്‌സ് ഏജന്റ്, ക്ലബ് മാനേജര്‍, ലീഗ് മാനേജര്‍, സ്‌പോര്‍ട്‌സ് അനലിസ്റ്റ്, സ്‌ക്കൗട്ട്, സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍, സ്‌പോര്‍ട്‌സ് എഞ്ചിനീയര്‍, സ്‌പോര്‍ട്‌സ് ഫെസിലിറ്റി മാനേജര്‍, സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്, ഫിറ്റ്നസ് കോച്ച് എന്നിങ്ങനെയുള്ള വിവിധ കരിയറുകള്‍ക്കുള്ള പരിശീലനവും ഈ കോഴ്‌സുകളില്‍ നിന്നും ലഭിക്കും. ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891675259, 9746868505, 7902633145. വെബ്‌സൈറ്റ് www.smri.in