മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ
ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേയ്ക്ക് എത്തുന്നു. ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ സെപ്തംബർ 4, 7, 11, 14 തീയതികളിൽ യഥാക്രമം കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലിസ് ഓഫീസർമാരുടെ യോഗവും ചേരും.
മേഖലാ അവലോകന യോഗങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30 ന് മുമ്പ് തയ്യാറാക്കും. ആദ്യഘട്ടത്തിൽ താഴെ പറയുന്ന പ്രവൃത്തികളാണ് പരിഗണിക്കുക.
അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ പുരോഗതി.
ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ( തുടങ്ങിയവയുടെ പുരോഗതി, മുടങ്ങിക്കിടക്കുന്നവയുണ്ടെങ്കി ൽ കാരണവും പരിഹാര നിർദ്ദേശവും, ആരംഭിക്കാനിരി ക്കുന്നവയുണ്ടെങ്കിൽ അവയുടെ തൽസ്ഥിതിയും തടസ്സങ്ങളെന്തെങ്കിലുമുണ്ടെങ്കി ൽ അവയുടെ പരിഹാര നിർദ്ദേശവും )
ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ
സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും വിവിധ പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പുരോഗതി (ദേശീയ പാത വികസനം, മലയോര തീരദേശ ഹൈവേ, ദേശീയ ജലപാത, ബൈപാസ്, റിംഗ് റോഡുകൾ, മേൽപാലങ്ങൾ)
ജില്ലയിലെ പൊതു സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ (പൊതു വിദ്യാലയങ്ങൾ, പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ, സിവിൽ സ്റ്റേഷനുകൾ)
സർക്കാരിന്റെ നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ
ലൈഫ് / പുനർഗേഹം പദ്ധതിയുടെ സ്ഥിതി വിവരം
മലയോര / തീരദേശ ഹൈവേ
ദേശീയ ജലപാത
ജില്ല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി ജില്ല കളക്ടർമാർ ശില്പശാല സംഘടിപ്പിക്കും.
രണ്ടാം ഘട്ടം
അവലോകന യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രാധാന്യമനുസരിച്ച് മുന്നായി തരംതിരിക്കും.
a. സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്നവ.
b. ജില്ലകളിൽ പരിഹരിക്കാവുന്നവ, ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ.
c. മേൽ 2 ഗണത്തിലും ഉൾപെടാത്ത സാധാരണ വിഷയമായി പരിഗണിക്കേണ്ടത്.
സെക്രട്ടറിതല അവലോകനം
ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ അതാത് സെക്രട്ടറിമാർ പരിശോധിച്ച് ജില്ലാതലത്തിലും സർക്കാർ തലത്തിലും പരിഹരിക്കേണ്ടവ കണ്ടെത്തി അവലോകനം നടത്തും.
മൂന്നാം ഘട്ടം
സെപ്റ്റംബർ 4 മുതൽ 14 വരെയുള്ള മൂന്നാം ഘട്ടത്തിൽ ഓരോ മേഖലയിലും നടക്കുന്ന അവലോകന യോഗങ്ങളിൽ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ യോഗങ്ങളിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഇത്തരത്തിൽ കൈക്കൊള്ളുന്ന തീരുമാനം സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.
ജില്ലാ കളക്ടർമാർ ജില്ലാതലത്തിൽ കണ്ടെത്തുന്ന വിവിധ വിഷയങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പ് സെക്രട്ടറിമാർക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകൾക്ക് നടപടിയായി കൈമാറുന്നതിനും സാധ്യമാകുന്ന തരത്തിൽ സോഫ്റ്റ് വെയറും തയ്യാറാക്കും.
മേഖലാ യോഗങ്ങളുടെ സ്ഥലവും തിയ്യതിയും
04.09.2023 – കോഴിക്കോട് ( കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ)
07.09.2023 – തൃശ്ശൂർ ( പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകൾ)
11.09.2023 – എറണാകുളം ( എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകൾ)
14.09.2023 – തിരുവനന്തപുരം ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ)
സമീപന രേഖയ്ക്ക് അംഗീകാരം
പതിനാലം പഞ്ചവത്സര പദ്ധതിയുടെ (2022-27) സമീപന രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.
പതിനാലാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകുന്ന മേഖലകൾ
അഞ്ച് വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥയുടെ ഒന്നിലധികം മേഖലകളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു നൂതന സമൂഹമായി മാറ്റാൻ ലക്ഷ്യമിടുന്നതാണ് പതിനാലാം പഞ്ചവത്സര പദ്ധതി. ആധുനികവും ജനാധിപത്യപരവും സുസ്ഥിരവുമായ ഭാവിക്ക് ഇത്തരമൊരു നൂതന സംസ്കാരം, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ ഉൽപാദന പ്രവർത്തനങ്ങൾ എന്നിവ അത്യന്താപേക്ഷിതമാണ്. ഉന്നത വിദ്യാഭ്യാസം കേരള സർക്കാരിന്റെ വികസന മുൻഗണനകളിലെ ഒരു പ്രധാന മേഖലയായിരിക്കും.
പൊതുനിക്ഷേപം ( പ്രത്യേകിച്ച് ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, പാർപ്പിടം), സാമൂഹ്യ ക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളിൽ ആർജ്ജിച്ച കരുത്തിൽ കേരളം പടുത്തുയർത്തുന്നത് തുടരും. ഇതിനെ സമ്പദ് വ്യവസ്ഥയിലെ ഉൽപാദന ശക്തികളുടെ ത്വരിത വളർച്ചയ്ക്കുള്ള ഒരു ചാലകശക്തിയായി ഉപയോഗപ്പെടുത്തും. ശാസ്ത്രം, സാങ്കേതികവിദ്യ, അത്യാധുനിക നിപുണതകൾ, വിജ്ഞാന സമ്പദ്ഘടനയിൽ ലഭ്യമായിട്ടുള്ള നിപുണതകൾ എന്നിവ കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ആധുനിക വ്യവസായം, പശ്ചാത്തല സൗകര്യ വികസനം, വരുമാനദായക സേവനങ്ങൾ എന്നിവയുടെ വർധിത വളർച്ച പതിനാലാം പഞ്ചവത്സര പദ്ധതി ഉറപ്പാക്കും. ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആധുനിക സമ്പദ് വ്യവസ്ഥയിലെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ കേരളത്തിലെ യുവജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലും സാമ്പത്തിക നയം രൂപകല്പന ചെയ്യും.
അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തിലെ ജീവിത നിലവാരം അന്തർദേശീയ തലത്തിൽ ഒരു വികസിത ഇടത്തരം വരുമാനമുള്ള രാജ്യത്തെ ജീവിത നിലവാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. അത് വികസന പ്രക്രിയയിൽ എല്ലാവരെയും ഉൾക്കൊള്ളുകയെന്ന സവിശേഷത കൂടി ഉൾപ്പെടുന്നതായിരിക്കും. നിലവിലെ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രക്രിയയിൽ ആരെയും പിന്നിലാക്കില്ല എന്നതാണ് തത്വം.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
1. പൊതുനിക്ഷേപം (ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, പാർപ്പിടം), സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളിൽ ആർജ്ജിച്ച കരുത്ത് കൂടുതൽ ബലപ്പെടുത്തി അതിൽ പടുത്തുയർത്തുക.
2. മാനവശേഷിയുടെ കരുത്തിലൂന്നി വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുകയും സമ്പദ്ഘടനയിലെ ഉൽപാദനശക്തികളുടെ വളർച്ച ദ്രുതഗതിയിലാക്കുകയും ചെയ്യുക.
3. വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചെറുകിട വ്യാപാരം എന്നിവയടങ്ങുന്ന വളർച്ച വരുമാനദായക സേവനങ്ങൾ, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, ആധുനിക വ്യവസായം, പശ്ചാത്തലസൗകര്യ വികസനം എന്നിവയുടെ വളർച്ച മെച്ചപ്പെടുത്താനായി ശാസ്ത്രം, സാങ്കേതികവിദ്യ ആധുനിക നിപുണതകൾ എന്നിവ ഉപയോഗപ്പെടുത്തും.
4. ആധുനികവും തൊഴിൽദായകവും ഉൽപാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കുക.
5. ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ആധുനികവൽക്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, യുവതലമുറയ്ക്ക് ആധുനിക സമ്പദ്ഘടനയിലെ ഏറ്റവും മികച്ച തൊഴിൽ നൽകുക.
6. അതിദാരിദ്ര്യം ഇല്ലാതാക്കുക.
7. മാലിന്യനിർമ്മാർജ്ജനത്തിന് സമഗ്രവും നൂതനവുമായ സമ്പ്രദായങ്ങൾ സ്ഥാപിക്കുക.
8. വളർച്ചയുടെ ചാലകശക്തികളായി മാറാൻ പ്രാദേശിക സർക്കാരുകളെ സഹായിക്കുക.
9. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വികസന നയം പ്രോത്സാഹിപ്പിക്കുക – വികസന പ്രക്രിയയെ നയിക്കുന്ന തത്വം ആരും പിന്നിലാവരുത് എന്നതാണ്.
സ്പോർട്സ് ക്വാട്ട നിയമന വ്യവസ്ഥയിൽ മാറ്റം
കായിക മേഖലയിൽ ജൂനിയർ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും പരിക്ക് കാരണം കായിക രംഗത്ത് നിന്ന് പിന്മാറേണ്ടി വരികയും ചെയ്ത ഭിന്നശേഷിക്കാരായ കായികതാരങ്ങളെ സ്പോർട്സ് ക്വാട്ടാ നിയമന പദ്ധതി പ്രകാരം മാറ്റിവച്ചിട്ടുള്ള തസ്തികകളിൽ നിയമനത്തിന് പരിഗണിക്കും. മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ഇവരെ കൂടി നിയമനത്തിന് പരിഗണിക്കുന്ന തരത്തിൽ നിലവിലെ സ്പോർട്സ് ക്വാട്ടാ പദ്ധതി വ്യവസ്ഥകളിൽ മാറ്റം വരുത്തും.
നിയമനം
ദേശീയ തലത്തിൽ ജൂനിയർ വിഭാഗത്തിൽ അത് ലറ്റിക് കായിക ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയി കായികതാരം സ്വാതി പ്രഭയ്ക്ക് കായികയുവജനകാര്യ വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ക്ലറിക്കൽ തസ്തിക സൃഷ്ടിച്ച് നിയമനം നൽകും. മത്സരത്തിൽ പങ്കെടുക്കുമ്പോൾ ട്രാക്കിൽ വെച്ച് നട്ടെല്ലിന് പരിക്ക് പറ്റി കായിക രംഗത്തു നിന്ന് പിൻമാറേണ്ടി വന്ന താരമാണ് സ്വാതിപ്രഭ.
റവന്യു വകുപ്പിന്റെയും ലാൻഡ് ബോർഡ് ഓഫീസിന്റെയും നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി.
മാവേലിക്കര രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് സ്ഥാപനത്തിന് കേരള സർവ്വകലാശാലയുടെ പേരിൽ 66 സെന്റ് ഭൂമി 15 വർഷത്തേക്ക് പാട്ടത്തിന് നൽകും.
ജോൺ വി സാമുവൽ ഐഎഎസിനെ ഭൂജലവകുപ്പ് ഡയറക്ടറായി ഒരു വർഷത്തേക്ക് കൂടി തുടരാൻ അനുമതി നൽകി.
ഖാദി ബോർഡിൽ 11-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കുവാൻ തീരുമാനിച്ചു.
ആരോഗ്യവകുപ്പിൽ ഒമ്പത് പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി.