വൈക്കത്ത് അഗ്നിരക്ഷാ സേനയ്ക്ക് അത്യാധുനിക ഫയർ എൻജിൻ. വൈക്കം ഫയർ സ്റ്റേഷനിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. 5000 ലിറ്റർ വരെ ജലം ഉൾക്കൊള്ളാൻ കഴിയുന്ന വാഹനത്തിൽ പോർട്ടബിൾ പമ്പ്, ഫിക്സഡ് മോണിറ്റർ എന്നീ സൗകര്യങ്ങളുണ്ട്.

കിണർ, കിടങ്ങ് എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഉൾപ്പെട്ടതാണ് പുതിയ വാഹനം. വൈക്കം ഫയർ സ്റ്റേഷന് പുതിയ സ്‌കൂബ വാൻ അനുവദിച്ചതിന് പിന്നാലെയാണ് പുതിയ ഫയർ എൻജിനും സർക്കാർ ലഭ്യമാക്കിയത്. ചെറിയ വഴികളിലൂടെ പോലും അനായാസമായി സഞ്ചരിക്കാൻ കഴിയുന്ന വാനിന് മുകളിൽ ഒരു ഡിങ്കി ബോട്ടും ഘടിപ്പിച്ചിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ വെള്ളത്തിൽ മുങ്ങി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്ന സ്‌കൂബ സെറ്റുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ലൈഫ് ജാക്കറ്റ്, ഫസ്റ്റ് എയ്ഡ് എന്നിവ അടങ്ങുന്നതായിരുന്നു പുതിയ സ്‌കൂബ വാൻ. വൈക്കം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. ബിജുമോൻ എന്നിവർ പങ്കെടുത്തു.