ഖരമാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി ഉയരുക എന്നത് വലിയ നേട്ടമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എന്നാൽ അത് നിലനിർത്തുക വലിയ വെല്ലുവിളിയാണെന്നും ഇതിൽ അത്യന്തം ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരസഭ ഖരമാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണ ശുചിത്വം കൈവരിച്ചതിന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ നേട്ടം കൈവരിക്കാനായി പരിശ്രമിച്ച നഗരസഭയെയും ജനപ്രതിനിധികളെയും ഹരിത കർമ്മ സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
പതിറ്റാണ്ടുകളായി തുടരുന്ന ശീലവും മനോഭാവവും മാറ്റിയെടുക്കുക എളുപ്പമല്ല. ഇതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. ഉത്തരവാദിത്വ മാലിന്യ സംസ്കരണത്തിൽ ജാഗ്രതയും മുൻകരുതലും തുടരേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
മാലിന്യം വലിച്ചെറിയുന്നതിനെതിരായുള്ള നിയമം വന്ന് ആദ്യഘട്ടത്തിൽ കേരളത്തിൽ ഒരു കോടി രൂപയാണ് പിഴയായി ഈടാക്കിയത്. പിഴയും ശിക്ഷയും പോലുള്ള കർശനമായ നടപടികളിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുവെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്വ മാലിന്യ സംസ്കരണം ഒരു സംസ്കാരമായി മാറണം. ഇതിനായി പുതുതലമുറയെയാണ് ഉറ്റു നോക്കുന്നത്. മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ബോധവൽക്കരണം സ്കൂളുകളിൽ ശക്തമാക്കണം. കുട്ടികളായിരിക്കണം ശുചിത്വ കേരളത്തിന്റെ സന്ദേശ വാഹകരെന്നും മന്ത്രി പറഞ്ഞു.
‘നിർമ്മല ഭവനം നിർമ്മല നഗരം’ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ‘അഴകോടെ ആലപ്പുഴ ‘എന്ന പേരിൽ സമ്പൂർണ്ണ ശുചിത്വ പദ്ധതി ആവിഷ്കരിച്ചത്. നഗരത്തിലെ വലിയൊരു വിഭാഗം വീടുകളിൽ ഉറവിട മാലിന്യ സംസ്കരണ സാമഗ്രികൾ സ്ഥാപിച്ചു കൊണ്ടും ഹരിത കർമ്മ സേനയുടെ വാതിൽപ്പടി ശേഖരണം പരമാവധി വീടുകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടുമാണ് ഖരമാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണ ശുചിത്വ പദവി എന്ന നേട്ടം കൈവരിക്കാൻ നഗരസഭയ്ക്ക് സാധിച്ചത്.
ആലപ്പുഴ ടൗൺഹാളിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജൻ എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി. നഗരസഭ അധ്യക്ഷ സൗമ്യ രാജ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു തോമസ്, ബീന രമേശ്, എ. ഷാനവാസ്, കെ. ബാബു, ആർ. വിനിത, കൗൺസിലർ എ. എസ്. കവിത, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ബി. ശ്രീബാഷ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ.എസ്. രാജേഷ്, നഗരസഭ സെക്രട്ടറി എ. എം. മുംതാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ഹരിത കർമ്മ സേന, ആരോഗ്യ വിഭാഗം, കണ്ടിജൻസി ജീവനക്കാർ, കുടുംബശ്രീ, തൊഴിലുറപ്പ്, കില, ഐ.ഐ.ടി. ബോംബെ, ക്യാൻ അലപ്പി, ഐ.ആർ.ടി.സി, ടി.എ.ജി.എസ്. തുടങ്ങിയ സംഘടന പ്രതിനിധികളെ അനുമോദിച്ചു. ഉന്നത വിജയം കൈവരിച്ച സ്കൂളുകളെയും നാടക പ്രവർത്തകരെയും ആദരിച്ചു.
മാലിന്യങ്ങൾ നിത്യ ജീവിതത്തിൽ സൃഷ്ടിക്കുന്ന വിപത്തുകളും മാലിന്യ സംസ്കരണത്തിൻ്റെ അനിവാര്യതയും വിളിച്ചോതുന്ന ‘അഴകോടെ ആലപ്പുഴ ‘ എന്ന നാടകവും വേദിയിൽ അവതരിപ്പിച്ചു.