ശാരീരിക ക്ഷമതയുള്ള സമൂഹ സൃഷ്ടിക്കായി പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലുള്ള സ്പോർട്സ് കൗൺസിലുകളെ ശക്തിപ്പെടുത്തുമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ‘തദ്ദേശ സ്പോർട്സ് കൗൺസിൽ – ചുമതലകളും സാധ്യതകളും’ എന്ന വിഷയത്തിൽ കായിക വകുപ്പും സംസ്ഥാന സ്പോർട്സ് കൗൺസിലും ചേർന്നു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക ക്ഷമതാ പ്രവർത്തനങ്ങളുടെ കുറവാണു സംസ്ഥാനത്തു ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനു പ്രധാന കാരണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ ഫലപ്രദമായി നേരിടുകയെന്നതാണു പ്രാദേശിക സ്പോർട്സ് കൗൺസിൽ രൂപീകരണത്തിന്റെ ലക്ഷ്യം. സംസ്ഥാനം കായിക രംഗത്തു മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും മത്സരങ്ങൾക്കായി മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനപ്പുറത്തേക്കു പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നു സംശയമാണ്. പൗരന്മാരിൽ മികച്ച കായികക്ഷമത സൃഷ്ടിക്കുകയെന്നതും കായിക മേഖലയുടെ ഉത്തരവാദിത്തമാണ്. ഇതു കൃത്യമായി നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണു പ്രാദേശിക സ്പോർട്സ് കൗൺസിലുകൾ പ്രവർത്തിക്കേണ്ടത്.
കായിക മേഖലയുടെ അഭിവൃദ്ധിക്കായി സർക്കാർ വൈവിധ്യമായ പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായി കായിക പരിശീലനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളങ്ങളെങ്കിലും നിർമിച്ചെടുക്കുകയെന്ന പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് 450 ഓളം പഞ്ചായത്തുകൾക്ക് സ്വന്തമായി കളിക്കളമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കളിക്കളങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചുകഴിഞ്ഞു. എല്ലാ ജില്ലകളിലും ജില്ലാ സ്റ്റേഡിയങ്ങളും ഇൻഡോർ സ്റ്റേഡിയങ്ങളും നിർമിക്കുന്നതും സജീവമായി മുന്നോട്ടുപോകുന്നു. പ്രാദേശികതലത്തിൽ കായിക പദ്ധതികളുടെ പ്രോത്സാഹനത്തിന് കായിക വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകും. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തം നിലയ്ക്കുള്ള സഹായങ്ങൾ നൽകണമെന്നു മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിൽ കായിക മേഖലയ്ക്കു വലിയ പങ്കുവഹിക്കാൻ കഴിയുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രാദേശിക തലത്തിൽ നീന്തൽ പരിശീലനത്തിനു തദ്ദേശ സ്പോർട്സ് കൗൺസിലുകൾ ശക്തമായ പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി അധ്യക്ഷത വഹിച്ചു. കേരള മുനിസിപ്പൽ ചെയർമാൻസ് ചേംബർ പ്രസിഡന്റ് എം. കൃഷ്ണദാസ്, സ്പോർട്സ് കൗൺസിൽ അംഗം എം.ആർ. രഞ്ജിത്ത്, സെക്രട്ടറി എ. ലീന, കെ.എസ്.എസ്.സി. സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.സി. ലേഖ, തിരുവനന്തപുരം ജില്ലാ പ്ലാനിങ് ഓഫിസർ പി.എസ്. ബിജു തുടങ്ങിയവർ പങ്കെടുത്തു.