മികച്ച സേവനവുമായി കെഎസ്ആര്‍ടിസി
ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ പമ്പ ഡിപ്പോ മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് നട തുറന്ന് മൂന്നു ദിവസം പിന്നിടവേ 17,02,390 രൂപ കളക്ഷന്‍ നേടി. 15ന് വൈകിട്ട് അഞ്ചിനാണ് മണ്ഡല പൂജയ്ക്കായി നട തുറന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയുള്ള കണക്കു പ്രകാരം പമ്പ ഡിപ്പോയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് 629 ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 597 സര്‍വീസുകള്‍ ഇതുവരെ നടത്തി. മികച്ചതും കുറ്റമറ്റതുമായ യാത്രാ സൗകര്യമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് പമ്പയില്‍ നിന്നും സര്‍വീസ് നടത്തുന്നതിന് 30 പുതിയ പെര്‍മിറ്റുകള്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.  ചെന്നൈയിലേക്ക്് നാല് ഡീലക്‌സ് ബസുകളും രണ്ട് സ്‌കാനിക ബസുകളും സര്‍വീസ് നടത്തും. കോയമ്പത്തൂരിലേക്ക് ആറു സൂപ്പര്‍ഫാസ്റ്റ് ബസുകളും പഴനിയിലേക്ക് ഏഴ് സൂപ്പര്‍ഫാസ്റ്റ് ബസും തെങ്കാശിയിലേക്ക് ഏഴ് ഫാസ്റ്റും കന്യാകുമാരിയിലേക്ക് രണ്ട് ഫാസ്റ്റും തേനിയിലേക്ക് മൂന്നു ഫാസ്റ്റും സര്‍വീസ് നടത്തും. നിലവില്‍ പമ്പ ഡിപ്പോയ്ക്ക് 102 ബസുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 67 നോണ്‍ എസി ജന്റം, നാല് ഡീലക്‌സ്, കട്ട് ചേസ് മൂന്ന്, 28 ഫാസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്നു. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് അനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വീസിന് എത്തിക്കും. സ്‌പെഷല്‍ ഓഫീസര്‍ ഡി. രാജേന്ദ്രന്‍, എഎസ്ഒമാരായ കെ.പി രാധാകൃഷ്ണന്‍, അനിത് കൃഷ്ണന്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നത്.