ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ ഏറ്റെടുത്തുവെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച അമ്പാടി – ചാമത്തറ, തിരുവാറ്റ – കല്ലുമട, കുടയംപടി-പരിപ്പ് റോഡുകളുടെ ഉദ്ഘാടനം കുടയംപടി എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റെടുത്ത റോഡുകളിൽ ഭൂരിഭാഗവും പൂർത്തിയായി. ബാക്കിയുള്ളവയിലെ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. അയ്മനം ഗ്രാമപഞ്ചായത്തിലെ വികസനോത്സവമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എം.ജി. സർവകലാശാല ഓഡിറ്റോറിയത്തിൽ ചേർന്ന വികസന ശിൽപശാലയിൽ മണ്ഡലത്തിലെ വികസനത്തെപ്പറ്റി മുന്നോട്ടുവച്ച കാര്യങ്ങളിൽ 80 ശതമാനം കാര്യങ്ങളും രണ്ടുവർഷം കൊണ്ടു പൂർത്തീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
മണ്ഡലത്തിലെ പ്രധാനറോഡുകളുടെയെല്ലാം നവീകരണം നടക്കുകയാണ്. പരിപ്പ് -തൊള്ളായിരം റോഡ് സംബന്ധിച്ച കേസുകൾ അവസാനിച്ചു. ഇനി വേഗത്തിൽ നിർമാണപ്രവർത്തനങ്ങളിലേക്കു കടക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പാടശേഖരങ്ങൾക്കു നടുവിലൂടെ പുതുതായി നിർമിക്കുന്ന മണിയാപറമ്പ്-ചീപ്പുങ്കൽ റോഡിന്റെ ടാറിംഗ് നടപടികൾ ഉടനടി തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിലടക്കം മികച്ച മാതൃകകൾ കാഴ്ചവച്ച അയ്മനം ഗ്രാമപഞ്ചായത്തിലെ ടൂറിസം വികസനത്തിന് നവീകരിച്ച റോഡുകൾ തുണയാകുമെന്ന് ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. അമ്പാടി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് എം.പി. ഫണ്ടിൽ നിന്ന് പണം അനുവദിക്കുമെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഏറ്റുമാനൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, അയ്മനം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ ജഗദീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു മാന്താറ്റിൽ, മിനി മനോജ്, ശോശാമ്മ, അയ്മനം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് എ.കെ. ലാലിച്ചൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ, ബി.ജെ. ലിജീഷ്, പി.എം. അനി, ബെന്നി പൊന്നാരം എന്നിവർ പ്രസംഗിച്ചു.