കാലവർഷം ആരംഭിച്ചതോടെ പ്രകൃതി ദുരന്തങ്ങളിൽ വീട് തകർന്നവർക്ക് വേഗത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും 2005ലെ ദുരന്ത നിവാരണ നിയമം പ്രകാരം നിർദ്ദേശം നൽകിക്കൊണ്ട് കലക്ടർ ഉത്തരവായി.
പ്രകൃതിക്ഷോഭത്തിൽ വീട് തകർന്ന അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം വില്ലേജ് ഓഫീസർ റിലീഫ് പോർട്ടൽ വഴി തഹസിൽദാർക്ക് സമർപ്പിക്കണം. അപേക്ഷ ലഭിച്ച് 2 ദിവസത്തിനകം വീട് തകർന്നതിന്റെ തോത് കണക്കാക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് അപേക്ഷ കൈമാറിയിരിക്കണം. നാശനഷ്ടങ്ങൾ കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും അഞ്ച് ദിവസത്തിനകം റിപ്പോർട്ട് ലഭ്യമാക്കണം. റിപ്പോർട്ട് ലഭ്യമായില്ലെങ്കിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റ് മുമ്പാകെ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
റിലീഫ് പോർട്ടലിൽ ലഭിക്കുന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് സഹിതമുള്ള അപേക്ഷകൾ 48 മണിക്കൂറിനകം തഹസിൽദാർ ജില്ലാ കലക്ടർക്ക് സമർപ്പിക്കണം. നാശനഷ്ടം കണക്കാക്കിയതിൽ പുനപരിശോധന വേണമെന്നു തോന്നുന്ന കേസുകളിൽ ഈ സമയപരിധിക്കകം തന്നെ തഹസിൽദാർ അപേക്ഷ പൂർത്തിയാക്കണം.
പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നത് സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാകുകയും എന്നാൽ വില്ലേജ് ഓഫീസർ മുമ്പാകെ അപേക്ഷ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന കേസുകളിൽ ഗുണഭോക്താക്കളിൽ നിന്നും ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ അപേക്ഷ വാങ്ങേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണെന്നും ഉത്തരവിൽ പറഞ്ഞു. അപേക്ഷ പരിഗണിക്കുന്ന വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരും 2005ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 61 കർശനമായും പാലിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.