യുവത്വത്തിന്റെ ഊർജ്ജം ക്രിയാത്മകമായി വിനിയോഗിക്കാനായാൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘യുവ ഉത്സവ് 2023’ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വളർന്നുവരുന്ന തലമുറയ്ക്ക് കൃത്യമായ ദിശാബോധവും പരിശീലനങ്ങളും നൽകിക്കൊണ്ട് വളർത്തിയെടുക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ തിരിച്ചറിവോടു കൂടിയാണ് നെഹ്റു യുവ കേന്ദ്ര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് യുവജനങ്ങളുടെ പങ്കാളിത്തം. ആരോഗ്യമുള്ള സമൂഹത്തിന് യുവത്വം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

രാവിലെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ആരംഭിച്ച ‘യുവ ഉത്സവ് 2023 ന്റെ ഉദ്‌ഘാടനം ജില്ലാ കലക്ടർ എ. ഗീത നിർവഹിച്ചു. എം.കെ രാഘവൻ എം. പി ഓൺലൈനായി ചടങ്ങിന് ആശംസ അറിയിച്ചു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ സമീർ കിഷൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേക്കണ്ടിയിൽ മുഖ്യപ്രഭാഷണം നടത്തി.

കവിത രചനാ, പെയിന്റിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി, പ്രസംഗം നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങളിൽ മുന്നൂറോളം പേർ പങ്കെടുത്തു. മത്സരങ്ങളിലെ വിജയികൾക്ക് സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു.

സാഹിത്യകാരൻ പി. കെ പാറക്കടവ്, ഗുരുവായൂരപ്പൻ കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. എസ് ഉണ്ണികൃഷ്ണൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ രമീല ദേവി , ജില്ലാ യൂത്ത് ഓഫീസർ സനൂപ് സി നാഷണൽ യൂത്ത് വളണ്ടിയർ അജ്സൽ സി, നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം അനിൽകുമാർ, ജില്ലാ യൂത്ത് ഓഫീസർ സനൂപ് സി, ഗുരുവായൂരപ്പൻ കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. എസ് ഉണ്ണികൃഷ്ണൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ രമീല ദേവി തുടങ്ങിയവർ പങ്കെടുത്തു.