നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ച യുവ ഉത്സവ് 2023 പരിപാടിയിൽ വിവ ക്യാമ്പും ജീവതാളം പരിശോധനയും നടത്തി. ആരോഗ്യ വകുപ്പും എൻ.എച്ച്.എമ്മും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ കലക്ടർ എ ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. വിവ ക്യാമ്പിൻ്റെ ഭാഗമായി വിദ്യാർത്ഥിനികളുടെ ഹീമോഗ്ലോബിൻ പരിശോധന നടത്തി. രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞവർക്കായി പ്രത്യേകം കൗൺസിലിംഗും നൽകി.

ജീവതാളം പരിശോധനയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി രക്താതിമർദ്ദ പരിശോധന, പ്രമേഹ പരിശോധന, വദനാർബുദ സ്ക്രീനിംഗ് എന്നിവയും നടത്തി. ആവശ്യമുള്ളവർക്ക് ഡയറ്ററി കൗൺസിലിംഗും വിദഗ്ധ ചികിത്സക്കായി ഡോക്ടറുടെ സേവനവും ഒരുക്കിയിരുന്നു. കൂടാതെ ആരോഗ്യബോധവത്കരണ സന്ദേശങ്ങളും പോഷകഹാര പ്രദർശനവും നടത്തി.

138 പേർക്ക് വിവ പരിശോധനയും 242 പേർക്ക് ജീവതാളം പരിശോധനയും നടത്തി. മെഡിക്കൽ ഓഫീസർ, ഡെന്റൽ സർജൻ, ഡയറ്റിഷ്യൻ, സ്റ്റാഫ് നഴ്സ്, ആർ.ബി.എസ്.കെ നഴ്സുമാർ തുടങ്ങിയവർ പരിശോധനകൾ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രാജാറാം കിഴക്കെക്കണ്ടിയിൽ, ആർദ്രം നോഡൽ ഓഫീസർ ഡോ.ഷാജി സി.കെ എന്നിവർ പങ്കെടുത്തു.