സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു.
മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ ദിനാചരണ സന്ദേശം നൽകി. ‘വയോജന നയം, നിയമം – സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതികൾ’ എന്ന വിഷയത്തിൽ ഫൈസൽ എം.പി, ‘എൽഡർ ലൈൻ’ എന്ന വിഷയത്തിൽ വിനീത് വിജയൻ എന്നിവർ ക്ലാസ്സെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പറശ്ശേരി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത് എൻ, ജില്ലാ വയോജന കമ്മിറ്റി മെമ്പർ കെ.എം ജയരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്‌റഫ് കാവിൽ സ്വാഗതവും സീനിയർ സൂപ്രണ്ട് രംഗരാജ് ബി നന്ദിയും പറഞ്ഞു. വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.