അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന മഞ്ചുമല ഗവ. യുപി സ്‌കൂളിന് സമീപം സജ്ജീകരിച്ച പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങി. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച വിദ്യാഭ്യാസ സാഹചര്യം ഉറപ്പുവരുത്തുന്നതിനായി അടിസ്ഥാനസൗകര്യ വികസനത്തിലൂന്നിയ വിവിധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി പി അധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ മുഖ്യപ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പ്രദേശത്തെ തോട്ടം മേഖലകളില്‍ പണിയെടുക്കുന്ന പട്ടികജാതി കുടുംബങ്ങളില്‍ നിന്നുള്ള അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത താമസമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ചുമല ഗവ. യുപി സ്‌കൂളിന് സമീപം രണ്ട് കോടി പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി 2021 ല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി തസ്തികളില്‍ നിയമനം നടത്തി. 2023-24 അധ്യായന വര്‍ഷം മുതല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി വിപുലമായ പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്.

30 കുട്ടികള്‍ക്കാണ് ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നാല് ഡോര്‍മെറ്ററികള്‍,രണ്ട്‌ സ്റ്റഡി റൂമുകള്‍, മെസ്സ് ഹാള്‍, കിച്ചന്‍, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളിലും ടോയ്‌ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കാവശ്യമായ യൂണിഫോം, സ്റ്റേഷനറി, ഭക്ഷണം എന്നിവ പട്ടികജാതി വികസന വകുപ്പ് സൗജന്യമായിട്ടാണ് നല്‍കുന്നത്.

സ്‌കൂള്‍ വിട്ട് ഹോസ്റ്റലില്‍ എത്തുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി 10 അധ്യാപകരുടെ ട്യൂഷന്‍ തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ വാര്‍ഡന്‍, വാച്ചര്‍, രണ്ട് കുക്ക്, ഒരു സ്വീപ്പര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് പ്രതിമാസം 3125 രൂപയാണ് ഭക്ഷണ ആവശ്യങ്ങള്‍ക്കായി വകുപ്പ് ചെലവഴിക്കുന്നത്. അതോടൊപ്പം അധികം സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 96.8 ലക്ഷവും ഫര്‍ണീച്ചര്‍ വാങ്ങുന്നതിനായി 8.81 ലക്ഷവും 2022-23 വര്‍ഷം പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിട്ടുണ്ട്.