ജില്ലയില്‍ പല പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും മാസമായി തെരുവുനായ്ക്കളും വളര്‍ത്തുനായ്ക്കളും പാര്‍വ്വോ വൈറല്‍ എന്ററൈറ്റിസ്, കനൈന്‍ ഡിസ്റ്റംബര്‍ മുതലായ ഗുരുതര പകര്‍ച്ചവ്യാധികള്‍ വന്ന് മരണപ്പെടുന്ന പശ്ചാത്തലത്തില്‍ നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
നായ്ക്കള്‍ക്ക് മാത്രം പിടിപെടുന്ന ഈ അസുഖങ്ങള്‍ മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ല. എന്നാല്‍ നായ്ക്കളില്‍ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കും. മരണനിരക്ക് കൂടുതലുമാണ്. വൈറസ് രോഗമായതിനാല്‍ ഫലപ്രദ ചികിത്സ നിലവിലില്ല. എന്നാല്‍ ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകള്‍ നിലവിലുണ്ട്. അതുകൊണ്ട് രോഗപ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുകയാണ് അഭികാമ്യമെന്ന് അധികൃതര്‍ അറിയിച്ചു.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പടരുന്ന വൈറസ് രോഗമായ പേവിഷബാധക്ക് സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. നായ്ക്കളെ ബാധിക്കുന്ന മറ്റു ഗുരുതര രോഗങ്ങളായ പാര്‍വ്വോ, ഡിസ്റ്റംബര്‍, ഹെപ്പറ്റൈറ്റിസ്, പാരാ ഇന്‍ഫ്‌ളുവെന്‍സ, ലെപ്റ്റോ സ്പൈറോസിസ് മുതലായ രോഗങ്ങള്‍ക്കെതിരെ ‘കംബയിന്‍ഡ്'(ഒറ്റ ഇന്‍ജക്ഷന്‍) വാക്സിനും ലഭ്യമാണ്.
പ്രതിരോധ കുത്തിവെപ്പുകള്‍ എല്ലാ വര്‍ഷവും നല്‍കേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അമ്മയില്‍ നിന്നും പ്രതിരോധ ശേഷി ലഭിച്ചിട്ടുള്ള പക്ഷം ആറ് ആഴ്ച പ്രായത്തിലും അല്ലാത്തവക്ക് ഒരു മാസം പ്രായം മുതലും കുത്തിവെപ്പ് ആരംഭിക്കാം. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവയും വര്‍ഷംതോറുമുള്ള കുത്തിവെപ്പ് മുടങ്ങിയവയുമാണ് കൂടുതലായും മരണപ്പെടുന്നത്. വിര മരുന്ന് നല്‍കിയവയും പൂര്‍ണ്ണ ആരോഗ്യമുള്ളവയുമായ നായകള്‍ക്കാണ് വാക്സിന്‍ എടുക്കുന്നത്.
തീറ്റ കഴിക്കാന്‍ മടി, ഛര്‍ദ്ദി, കടുത്ത ക്ഷീണം, ദുര്‍ഗന്ധത്തോടെയുള്ളതോ കടുംനിറത്തിലുള്ളതോ ആയ വയറിളക്കവുമാണ് പാര്‍വ്വോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. വയറിനടിയില്‍ കുരുക്കള്‍, തലയിലും ശരീരത്തിലും വിറയല്‍, തളര്‍ച്ച, മൂക്കൊലിപ്പ്, തീറ്റയോടുള്ള മടുപ്പ്, ഛര്‍ദ്ദി, കണ്ണില്‍ പഴുപ്പ് എന്നിവയാണ് ഡിസ്റ്റംബര്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് 21, 23 മാസം പ്രായത്തില്‍ നായ്ക്കുട്ടികള്‍ക്ക് നല്‍കണം. വര്‍ഷംതോറും എല്ലാ വാക്സിനുകളുടെയും ബൂസ്റ്റര്‍ ഡോസും നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.