കേരള നോളജ് ഇക്കോണമി മിഷനും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു നടപ്പിലാക്കുന്ന വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ മൈക്രോ പ്ലാനിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി, നെന്മേനി പഞ്ചായത്തിലെ തൊഴില്‍ അന്വേഷകര്‍ക്കായി ജോബ് ഓറിയന്റേഷനും കരിയര്‍ ക്ലിനിക്കും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷത വഹിച്ചു. അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് ജൂലായ് 10 നകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് മൈക്രോ പ്ലാനിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളത്തില്‍ നാല്‌ പ്രദേശങ്ങളില്‍ പൈലറ്റ് പ്രൊജക്ടായാണ് മൈക്രോ പ്ലാന്‍ നടപ്പിലാക്കുന്നത്.

അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എടയ്ക്കല്‍ മോഹനന്‍, അനീഷ് ബി. നായര്‍, ലത ശശി, കേരള നോളജ് മിഷന്‍ റീജണല്‍ മാനേജര്‍ ഡയാന തങ്കച്ചന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. അപ്സന തുടങ്ങിയവര്‍ സംസാരിച്ചു.