പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനർനിർമാണത്തിനായി തുക കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നടക്കുന്ന ധനസമാഹരണത്തിൽ പങ്കെടുക്കാതെ ആരും മാറി നിൽക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അഭ്യർഥിച്ചു. ഈ മഹായജ്ഞത്തിൽ പങ്കെടുക്കാതെ ആരും മാറി നിൽക്കരുതെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ മന്ത്രി അഭ്യർഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും അദ്ദേഹത്തിനു നേരിട്ടു ലഭിച്ച ധനസഹായത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളും ഫേയ്‌സ്ബുക് പോസ്റ്റിൽ മന്ത്രി പങ്കുവച്ചു. മന്ത്രിയുടെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം: ഞായറാഴ്ച പള്ളിയിൽ പോകുവാൻ കഴിഞ്ഞില്ല. മഹാപ്രളയത്തിന്റെ കെടുതികൾ വിലയിരുത്തുന്നതിനായെത്തിയ കേന്ദ്ര സംഘത്തോടൊപ്പം രണ്ടു കേന്ദ്രങ്ങൾ സന്ദർശിച്ചു. ഉച്ചയോടെ തിരുവല്ല മുത്തൂർ മുസ്ലിം ജുമാ അത്തിൽ നിന്നും ഒരു വിളി: ‘പള്ളി വരെ വരണം’. വൈകാതെ എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ഏല്പിക്കുന്നതിനുള്ള വിളിയായിരുന്നു. ഈ ജുമാഅത്തിലെ അംഗങ്ങൾ എനിക്കേറെ വേണ്ടപ്പെട്ടവരാണ്. നേരത്തെ ചില പ്രതിസന്ധി ഘട്ടങ്ങളിൽ അവർ എന്നോട് നിയമോപദേശം തേടിയിട്ടുണ്ട്. തർക്കങ്ങളെല്ലാം ഒഴിവാക്കി നിയമ വിധേയമായും സുതാര്യമായും ജുമാ അത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തുറന്ന മനസ് അന്നവർ കാട്ടുകയും ചെയ്തിരുന്നു. അങ്ങനെ പ്രശ്‌നങ്ങൾ ഒന്നൊന്നായി ഒഴിഞ്ഞുമാറി; ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണി ഒരുമയോടെ പൂർത്തിയാക്കി. ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതോടെ അവർക്ക് സഹജീവികളുടെ വേദന ഉൾക്കൊള്ളാനുമായി. ജുമാ അത്തിൽ എത്തിയ എന്നെ പ്രസിഡന്റ് അമ്പതിനായിരം രൂപയുടെ ചെക്ക് ഏല്പിച്ചു. അതിനു മുമ്പായി ആദരണീയനായ ഇമാം പ്രത്യേക പ്രാർഥന ചൊല്ലി. പ്രളയം ആഞ്ഞടിക്കുന്നതിനിടെ ആഗസ്റ്റ് 16, 17 തിയതികളിൽ പത്തനംതിട്ട ജില്ലാകേന്ദ്രത്തിൽ കുടുങ്ങിപ്പോയ എന്നെ 17 ന് അർധരാത്രിയോടെ തിരുവല്ലയിലെത്താൻ സഹായിച്ച പത്തനംതിട്ട ജുമാ അത്തിലെ യുവാക്കളെ ഞാൻ ഈയവസരത്തിൽ സ്മരിച്ചു. ഒരു മുൻപരിചയം പോലുമില്ലാത്ത എന്നെ സുരക്ഷിതമായി എത്തിക്കുന്നതിനായി ആ ചെറുപ്പക്കാർക്ക് മണിക്കൂറുകളോളം അതിസാഹസികമായി വെള്ളത്തിലൂടെ നീന്തേണ്ടതായിപ്പോലും വന്നിരുന്നു. അതിനു ശേഷം ഇതുവരെ അവരെ കണ്ടിട്ടില്ല.
തിരുവല്ല സീമെൻസ് ഫുട്‌ബോൾ ക്ലബ്ബും, കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂളും, കവിയൂർ മാർത്തോമ്മാ സെൻട്രൽ സ്‌കൂളും, യഥാക്രമം ഇരുപത്തയ്യായിരം, ഒരു ലക്ഷം, ഒരു ലക്ഷം എന്നീ തുകകൾ കഴിഞ്ഞ ദിവസം എന്നെ ഏല്പിച്ചു. ‘ഭീഷണിപ്പെടുത്തി തുക വാങ്ങാൻ കഴിയാത്ത’ അൺ എയ്ഡഡ് സ്‌കൂളുകളും മറ്റും സാലറി ചലഞ്ചിൽ നിന്നും ഒഴിഞ്ഞു നില്ക്കുകയാണെന്ന ദുഷ്പ്രചരണങ്ങൾക്കിടെയാണിതെന്നോർക്കണം. മുൻ വാരങ്ങളിൽ പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതിവിലാസം കരയോഗം അമ്പതിനായിരം രൂപയ്ക്കും മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായ ആവിഷ്‌കാർ ശിക്ഷൺ സംസ്ഥാ എന്ന പ്രസ്ഥാനം അമ്പത്തയ്യായിരം രൂപയ്ക്കുമുള്ള ചെക്കുകളും എന്നെ ഏല്പ്പിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു ഉദ്യോഗസ്ഥ ദമ്പതികൾ അവരുടെ പുതിയ വീടിന്റെ ‘പാലുകാച്ചൽ ചടങ്ങ്’ ഏറ്റവും ലളിതമാക്കിയതിലൂടെ ലാഭിച്ച അമ്പതിനായിരം രൂപയും ചെക്കായി നൽകി. ബാബു കല്ലുങ്കലിന്റെ മകൾ ബെൻസിയുടെയും ജെസി കെ.യുടെ മകൻ അബിയുടെയും വിവാഹസൽക്കാരച്ചെലവ് വെട്ടിക്കുറച്ചു നൽകിയ അമ്പതിനായിരം രൂപ, കോയമ്പത്തൂരിനടുത്തുള്ള തിരുച്ചെങ്കോട് വിവേകാനന്ദ എൻജിനിയറിംഗ് കോളജ് സമാഹരിച്ചു നൽകിയ പത്തുലക്ഷം….പട്ടിക നീളുകയാണെന്നും ഫേയ്‌സ്ബുക്കിൽ മന്ത്രി കുറിച്ചു.