സ്‌കൂൾ സയൻസ് പാർക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്‌കൂളിൽ അടൂർ പ്രകാശ് എംഎൽഎ നിർവഹിച്ചു. പുതു തലമുറയിൽ ശാസ്ത്ര അവബോധം വളർത്താൻ സയൻസ് പാർക്കിലൂടെ സാധിക്കുമെന്നും പുസ്തകങ്ങൾക്കൊപ്പം പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെ മുന്നേറുവാൻ സയൻസ് പാർക്കിലൂടെ വിദ്യാർത്ഥികൾക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്തിലെ അഞ്ചു സ്‌കൂളുകളിലാണ് സയൻസ് പാർക്ക് ഒരുക്കിയത്. പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുന്നതിന് എസ് എസ് എ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്‌കൂൾ സയൻസ് പാർക്ക്. സംസ്ഥാനത്ത് എല്ലാ അപ്പർ പ്രൈമറി സ്‌കൂളുകളിലും സയൻസ് പാർക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുത്ത സ്‌കൂളുകൾക്ക് സാമ്പത്തിക സഹായവും അക്കാദമിക പിന്തുണയും നൽകുന്നു. സയൻസ് പാർക്ക് ഒരുക്കുന്നതിനുള്ള സംസ്ഥാന തല ശില്പശാലയിൽ വിവിധ ജില്ലകളിലെ അധ്യാപകർ പങ്കെടുത്തു.ശില്പശാലയിൽ രൂപപ്പെട്ട ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ചാണ് സയൻസ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ കോന്നിയൂർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ജി അനിത, ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, പ്രമാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലിയമ്മ, പ്രമാടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലോചന ദേവി, പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ എം മോഹനൻ, എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. ആർ വിജയമോഹനൻ, എസ് എസ് എ പ്രോഗ്രാം ഓഫീസർ പി എ സിന്ധു, കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമയ്യ ബീഗം, നേതാജി ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ രാജേഷ് ആക്ലോത്ത്, നേതാജി ഹയർ സെക്കന്ററി സ്‌കൂൾ എച്ച് എം ജെയ്സി വർഗീസ്, പ്രിൻസിപ്പൽ ആർ ദിലീപ്, പി ടി എ പ്രസിഡന്റ് വി ശ്രീനിവാസൻ, കോന്നി എസ്എസ്എ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എൻ എസ് രാജേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.