നവംബറോടുകൂടി എല്ലാ റവന്യു ഓഫീസുകളും ഡിജിറ്റല്‍
കരുമാലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
എല്ലാ വില്ലേജ് ഓഫീസുകളിലും ജനകീയ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും സമിതി യോഗം നടക്കാത്ത ഇടങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കരുമാലൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മാസവും മൂന്നാം വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നിര്‍ബന്ധമായും അതാത് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ സമിതി യോഗം ചേരണം. എം.എല്‍.എ മാരുടെ പ്രതിനിധി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനിതാ പ്രതിനിധി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധി എന്നിവര്‍ ജനകീയ സമിതിയില്‍ ഉണ്ടാകണം. താലൂക്ക് ഓഫീസ് നിശ്ചയിച്ചിട്ടുള്ള ചാര്‍ജ് ഓഫീസറും യോഗത്തില്‍ പങ്കെടുക്കണം. സമിതിയില്‍ ചര്‍ച്ച ചെയ്യുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. പട്ടയ മിഷന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും റവന്യു വകുപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാതലായ പിന്തുണ നല്‍കാനും വില്ലേജ് ജനകീയ സമിതികള്‍ക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതികള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ്. മന്ത്രി മുതല്‍ ഡെപ്യുട്ടി കളക്ടര്‍ വരെയുള്ളവരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. നവംബറില്‍ വില്ലേജുകള്‍ മുതല്‍ ലാന്റ് റവന്യു കമ്മീഷണറേറ്റ് വരെയുള്ള റവന്യു ഓഫീസുകള്‍ ഉപകരങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിച്ച് പൂര്‍ണമായും ഡിജിറ്റലാകും. പുതിയ കെട്ടിടവും ഉപകരണങ്ങളും സജ്ജീകരിക്കുന്നതിലുപരി തങ്ങളെ ആശ്രയിക്കുന്ന ഓരോ സാധാരണക്കാരന്റെയും പ്രശ്‌നത്തിന് നിയമത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് പരിഹാരം കാണുമ്പോഴാണ് ഓരോ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആകുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ മുഖമാണ് വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍. ഇവിടെ ആവശ്യവുമായി എത്തുന്നവര്‍ക്ക് എത്രയും വേഗം പരിഹാരം ലഭിക്കുന്ന സംവിധാനം സര്‍ക്കാര്‍ ഓഫീസുകളില്‍ ഉണ്ടാകണം. ഇതിനായാണ് താലൂക്ക് തലങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചത്. അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാരുടെ നേതൃത്വത്തില്‍ ജൂലൈയില്‍ പരിശോധന നടക്കും. സെപ്റ്റംബറില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രശ്‌ന പരിഹാരത്തിന് ജില്ലകളിലേക്കേത്തും. ഈ സര്‍ക്കാരിന്റെ കാലത്ത് എല്ലാം മേഖലയിലും വലിയ മാറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വകയിരുത്തിയാണ് കരുമാലൂര്‍ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായത്.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കരുമാലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോര്‍ജ് മേനാച്ചേരി, ജില്ലാ പഞ്ചായത്ത് അംഗം രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഷഹന, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.