കേരളത്തില്‍ സമത്വാധിഷ്ഠിത ജനപക്ഷ നവവൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുമെന്നും ഇതില്‍ പതാകവാഹകരായി മുന്നില്‍ നില്‍ക്കേണ്ടത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അറിവിനെ കമ്പോളവത്കരിക്കുന്ന വികസിത മുതലാളിത്ത രാജ്യങ്ങളിലെ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായുള്ള കേരള മോഡല്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്ത ജനകീയ വൈജ്ഞാനിക സമൂഹത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവിതനിലവാരത്തില്‍ വലിയരീതിയില്‍ മുന്നേറ്റം ഉറപ്പാക്കുന്ന സമ്പദ്ഘടനയുടെ വിപൂലീകരണത്തിന് കൂടി ഉതകുന്ന വിജ്ഞാനസമൂഹം രൂപപ്പെടുത്തി സമഭാവനയുടെ നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ പ്രവര്‍ത്തനത്തില്‍ ഏറെ പ്രതിബദ്ധതയോടെയും ഊര്‍ജസ്വലതയോടെയും മുന്നില്‍ നിന്ന് ഇടപെടാന്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആത്മസ്വത്വത്തില്‍ നിന്നും അപരസ്വത്വത്തിലേക്കുള്ള പ്രയാണമാണ് വായനയിലൂടെ സാധ്യമാകുന്നത്. മനുഷ്യരുടെ അനുഭവലോകം വലിയരീതിയില്‍ വിപുലീകരിക്കും. സ്ഥലകാല പരിമിതികള്‍ക്കപ്പുറത്തേക്ക് ലോകസഞ്ചാരം നടത്താന്‍ പ്രാപ്തമാക്കും. വ്യത്യസ്ത ജനസമൂഹ രീതിയിലേക്ക് കടന്നുചെല്ലാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ഹൃദയവിശാലതയും മാനവികതയും വര്‍ധിപ്പിക്കും. ഈ ആശയം പിന്തുടര്‍ന്നാണ് നവോഥാന നായകരും പുരോഗമന പ്രസ്ഥാനങ്ങളും മുന്‍കൈയെടുത്ത് വായനശാലകള്‍ സ്ഥാപിച്ച് വലിയ മാറ്റത്തിന് തുടക്കമിട്ടത്. പുസ്തകസമ്പത്തിലും വായനക്കാരുടെ എണ്ണത്തിലും കേരളം അനുഗ്രഹീതമാണെന്നതിന്റെ സാക്ഷ്യമാണ് 9000 ലധികം ഗ്രന്ഥശാലകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ അധ്യക്ഷന്‍ ജി എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പെണ്‍പക്ഷ വായനാമത്സരത്തില്‍ പങ്കെടുത്ത 77 കാരിയായ മേദിനി സുധയെ മേയര്‍ പ്രസന്ന ഏണസ്റ്റ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ വായനസന്ദേശം നല്‍കി. പുതിയ ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തകവിതരണം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍, എക്‌സി. അംഗം എസ് നാസര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഡി സുകേശന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി എന്‍ ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജൂണ്‍ 19 പി എന്‍ പണിക്കര്‍ ചരമദിനം മുതല്‍ ജൂലൈ ഏഴ് ഐ വി ദാസ് ജ•-ദിനം വരെ വിവിധ പരിപാടികളോടെയാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ പുസ്തകപ്രദര്‍ശനം, ലഹരിവിരുദ്ധ സദസ്, വായനാ കുറിപ്പ് തയ്യാറാക്കല്‍, അനുസ്മരണ യോഗങ്ങള്‍, മത്സരങ്ങള്‍ സംഘടിപ്പിക്കും.