സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച കേന്ദ്രീകൃത റെക്കാര്‍ഡ് റൂമും നവീകരിച്ച ട്രെയിനിങ് ഹാളും റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ മുഴുവന്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളിലെയും ഫയലുകള്‍ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. ട്രെയിനിങ് ഹാളിന്റെ നവീകരണം പരിശീലന നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ എന്‍എസ്.കെ ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍ അനി, ഡെപ്യൂട്ടി കളക്ടര്‍മാരായ ഉഷ ബിന്ദു മോള്‍, ബി.അനില്‍കുമാര്‍, അനില്‍ തോമസ്, എസ്.ബിന്ദു, ഫിനാന്‍സ് ഓഫീസര്‍ എം. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ വികസന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ഫയലുകള്‍ സൂക്ഷിക്കുന്നതിനാണ് കേന്ദ്രീകൃത റെക്കോര്‍ഡ് റൂം നിര്‍മ്മിച്ചത്. സിവില്‍ സ്റ്റേഷന്റെ താഴത്തെ നിലയില്‍ 1400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 61,61,000 രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് റെക്കോര്‍ഡ് റൂം സജ്ജമാക്കിയിട്ടുള്ളത്. ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകളുടെ കണ്ടിഞ്ചന്‍സി ഫണ്ടില്‍ നിന്നായിരുന്നു തുക കണ്ടെത്തിയത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ റെക്കോര്‍ഡ് റൂമാണ് ഇത്.
മന്ത്രിമാരും വിവിധ ഓഫീസ് മേധാവികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങളും പരിശീലന പരിപാടികളും നടത്തിയിരുന്ന സ്പാര്‍ക്ക് ഹാളാണ് നവീകരിച്ച് പുതിയ ട്രെയിനിങ് ഹാളാക്കി മാറ്റിയത്. 12,02,200 രൂപ ചിലവില്‍ മികച്ച ദൃശ്യ ശ്രാവ്യ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് നവീകരണം പൂര്‍ത്തിയാക്കിയത്.