ജില്ലാതല വായനപക്ഷാചാരണം ഉദ്ഘാടനം ചെയ്തു


നല്ല വായന ലോകത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുമെന്നും മനുഷ്യന്‍ സ്നേഹിക്കാന്‍ പഠിക്കുന്നത് സാഹിത്യത്തിലൂടെയാണെന്നും പ്രൊഫ.എം.കെ സാനു പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, യു.സി. കോളേജ് മലയാള വിഭാഗം എന്നിവരുടെ സഹകരണത്തോടെ ആലുവ യു.സി കോളേജ് ടി.ബി നൈനാന്‍ ഹാളില്‍ നടന്ന ജില്ലാതല വായന പക്ഷാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനയിലൂടെ നേടേണ്ട സംസ്‌കാരം ധര്‍മ്മബോധമാണെന്നും മതഭ്രാന്തിന് അതില്‍ സ്ഥാനമില്ലെന്നും പ്രൊഫ.സാനു പറഞ്ഞു. ആഴത്തില്‍ വായിച്ചാല്‍ ലോകത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വലിയ അത്ഭുതം തോന്നും. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ക്രിസ്തുവിന്റെ വാക്കാണ് സാഹിത്യത്തിന്റെയും ഭാഷ. ലിയോ ടോള്‍സ്റ്റോയിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചത് വായനയാണെന്നും അദ്ദേഹം പറഞ്ഞു.

വായന ജന്മനാ കിട്ടുന്ന വാസനയാണ്. ആ വാസന ഇല്ലെങ്കില്‍ വളര്‍ത്തി എടുക്കണം. നല്ല പുസ്തകങ്ങള്‍ ലഭിച്ചാല്‍ പുലര്‍ച്ചെ വരെ ഇരുന്നു വായിക്കുന്നതായിരുന്നു തന്റെ ശീലമെന്നും അദ്ദേഹം പറഞ്ഞു. വായനയിലൂടെ സ്വയം മഹത്വത്തിന്റെ അംശം ഉള്‍ക്കൊണ്ട് മറ്റുള്ളവരെയും മഹത്വം കൈവരിക്കാന്‍ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കവിതയുടെ താളപ്രമാണങ്ങള്‍ എന്ന വിഷയത്തില്‍ കെ.ബി രാജ് ആനന്ദ് പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി വായനാദിന സന്ദേശം നല്‍കി.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ സീമ കനകാംബരന്‍(എസ്.എന്‍.ഡി.പി എച്ച്എസ്എസ്, ആലുവ), പ്രമോദ് മാല്യങ്കര(എസ്.എന്‍.ഡി.പി സംസ്‌കൃത എച്ച്.എസ്.എസ് നന്ത്യാര്‍കുന്നം), മിനി മാത്യു(ഗവ.യു.പി സ്‌കൂള്‍, വാഴക്കുളം), തസ്മിന്‍ ഷിഹാബ്(ഗവ.എച്ച്.എസ്.എസ് പേഴയ്ക്കാപ്പിള്ളി) എന്നിവരെ വായനാദിനത്തോടനുബന്ധിച്ച് പ്രൊഫ.എം.കെ സാനു ആദരിച്ചു.

ആലുവ യു.സി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ദീപ ജെയിംസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷെറീന ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രഥമ സ്ഥാനീയന്‍ പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയാണ് വായന പക്ഷാചരണം.