മാലിന്യ സംസ്‌ക്കരണത്തിന് കൊച്ചിയില്‍ നിന്ന് ലോകത്തിന് മികച്ച മാതൃകയുമായി ‘നഗരം സുന്ദരം’ ക്യാംപയിന്‍ നടപ്പിലാക്കുന്നു. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. അവരവരുടെ വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീന്‍(ജനകീയ ശുചീകരണം) ക്യാംപയിനോടെയാകും തുടക്കം.
കൊച്ചിയിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് മാലിന്യസംസ്‌ക്കരണത്തില്‍ ജില്ലയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പില്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഹ്രസ്വകാല, ദീര്‍കാല അടിസ്ഥാനത്തില്‍ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘നഗരം സുന്ദരം’ ക്യാംപയിന്‍ ആരംഭിക്കുന്നതെന്ന് എം.ജി രാജമാണിക്യം പറഞ്ഞു. ആദ്യം അവരവരുടെ വീടും പരിസരവും വൃത്തിയാക്കും. അതുപോലെ സ്ഥാപനങ്ങളും. മൊത്തം ജില്ലയെ ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കുന്ന എന്ന ലക്ഷ്യത്തിലാണ് ക്യാംപയിന് തുടക്കം കുറിക്കുന്നത്. എല്ലാവരുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. രണ്ടു വര്‍ഷത്തിനകം ജില്ലയെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുവാനാണ് ലക്ഷ്യമിടുന്നത്. മാലിന്യ സംസ്‌ക്കരണത്തില്‍ വ്യക്തിപരമായ ഇടപെടലുകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ നമ്മള്‍ എന്തു ചെയ്യുന്നുവെന്നു കൂടി പരിശോധിക്കണം. മനോഭാവത്തില്‍ മാറ്റം വരണം. എല്ലാവരും ഒരുമിച്ചു നിന്നാല്‍ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ വൃത്തിയായാല്‍ നമ്മുടെ ഉത്തരവാദിത്വം തീര്‍ന്നുവെന്ന് വിചാരിക്കരുത്. നാട് വൃത്തി ആണോ എന്നുകൂടി ചിന്തിക്കണം. നമ്മുടെ മാലിന്യം സംസ്‌ക്കരിക്കേണ്ടത് നമ്മുടെ അദ്ദേഹം പറഞ്ഞു.
പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കൂടുതല്‍ പിഴ ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് എം.ജി രാജമാണിക്യം പറഞ്ഞു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ മാലിന്യസംസ്‌ക്കരണത്തില്‍ വലിയമാറ്റമാണ് കൊച്ചിയില്‍ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. സര്‍ക്കാരും കോര്‍പറേഷനും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാഗമായി എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊച്ചി നഗരത്തില്‍ നടപ്പിലാക്കുന്ന വലിയ ക്യാംപയിനാണ് നഗരം സുന്ദരം എന്നും കളക്ടര്‍ പറഞ്ഞു. ക്യാംപയിന് തുടക്കമിടുന്നതിന്റെ ഭാഗമായാണ് വിവിധ സംഘടനകളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നതെന്നും കളക്ടര്‍ പറഞ്ഞു. ഈ ക്യാംപയിനില്‍ നഗരത്തിലെ ഓരോ വ്യക്തിയും പങ്കെടുക്കണമെന്നും കൊച്ചിയെ സുന്ദര നഗരമാക്കി മാറ്റുമെന്നും കളക്ടര്‍ പറഞ്ഞു.
പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് ഈ വര്‍ഷം ജില്ലയില്‍ 1359 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ മാസം മാത്രം 153 കേസുകള്‍ എടുത്തുവെന്നും പോലീസ് പറഞ്ഞു.
മാലിന്യ സംസ്‌ക്കരണത്തില്‍ നിലവില്‍ കൊച്ചി കോര്‍പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ വിശദികരിച്ചു. യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, സ്മാര്‍ട്ട് മിഷന്‍ സിഇഒ ഷാജി നായര്‍, സബ് കളക്ടര്‍ പി.വിഷ്ണു രാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.