എറണാകുളം സർക്കാർ മെഡിക്കൽ കേളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബറിൽ യാഥാർഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിർമ്മാണം അതിവേഗം പൂർത്തീകരിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

കാൻസർ സെന്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. കളമശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഇതിനായി മെഡിക്കൽ കോളേജിനു സമീപത്തെ കിൻഫ്രയിൽ നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. ദിനംപ്രതി രണ്ട് ദശലക്ഷം ജലമാണ് മെഡിക്കൽ കോളേജിന് ആവശ്യം.

കെഎസ്ഇബി 110 കെ വി സബ് സ്റ്റേഷന്‍ സജ്ജമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇലക്ടിക്കൽ, പ്ലംബിംഗ്, അഗ്നി രക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ഉടൻ പൂർത്തീകരിക്കും. ഓക്സിജൻ ലൈൻ നിർമ്മാണം വേഗത്തിലാക്കാനും കരാറുകാരായ ഇൻകെലിന് മന്ത്രി നിർദേശം നൽകി.

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനായി 520 ലധികം പുതിയ തസ്തികകൾ അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. മൾട്ടി സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെയും കാൻസർ സെന്ററിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.

യോഗത്തിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി. അനിൽ കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഇൻ ചാർജ് ഡോ. പി.ജി. ബാലഗോപാൽ, കരാറുകാരായ ഇൻകെലിന്റെ പ്രൊജക്ട് എൻജിനീയർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.