ബക്രീദ് ഖാദി മേളക്ക് തുടക്കം

ഖാദി നമ്മുടെ സംസ്കാരവും പാരമ്പര്യവുമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത വ്യവസായങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഖാദി വ്യവസായം. ഇന്ത്യൻ ദേശീയതയുമായി ഖാദിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗാന്ധിഗൃഹത്തിൽ നടന്ന ചടങ്ങിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ഖാദി വസ്ത്രത്തെ കുറിച്ചുള്ള മുൻവിധികൾ മാറ്റിവെച്ച് പുതിയ തലമുറ ഖാദിയെ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുക്കം ഓർഫനേജ് സി ഇ ഒ അബ്ദുല്ലക്കോയക്ക് നൽകി പി ജയരാജൻ ആദ്യ വില്പന നടത്തി.

മർക്കസ് നോളജ് സിറ്റി സി ഇ ഒ ഡോ.അബ്ദുൽ സലാം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഖാദി ബോർഡ് മെമ്പർമാരായ സാജൻ തൊടുക, എസ് ശിവരാമൻ, ഖാദി ബോർഡ് മാർക്കറ്റിങ് ഡയറക്ടർ സി സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ എ രതീഷ് സ്വാഗതവും പ്രോജക്ട് ഓഫീസർ കെ ഷിബി നന്ദിയും പറഞ്ഞു.