കടലിലും മറ്റു ജലാശയങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ റസ്ക്യു ഗാർഡിനായി ശിൽപ്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ എ ഗീത ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ കടലിലും മറ്റു ജലാശയങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളിൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഫിഷറീസ് വകുപ്പ് തിരഞ്ഞെടുത്ത് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശിലനം നേടിയ മത്സ്യത്തൊഴിലാളികളായ റസ്ക്യു ഗാർഡുകളാണ് ശില്പശാലയിൽ പങ്കെടുത്തത്. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് റസ്ക്യു ഗാർഡിന്റെ ആവശ്യങ്ങൾ അവർക്കുവേണ്ട സഹായങ്ങൾ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.
കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാണ്ടന്റ് എ.സുജേത് ദുരന്തനിവാരണത്തെക്കുറിച്ച് വിവരണം നടത്തി. കടലിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഡപ്യൂട്ടി കലക്ടർ ഇ അനിതകുമാരി പ്രശംസാപത്രം നൽകി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ ബി.കെ, അസി.ഡയറക്ടർ കെ.എ. ലബീബ്, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡിസാസ്റ്റർ മാനേജ്മെന്റ് ജെ എസ് ബിന്ദു ഇ സ്വാഗതവും ഹസാർഡ് അനലിസ്റ്റ് അശ്വതി പി നന്ദിയും പറഞ്ഞു.