പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖാദി ഉത്പന്നങ്ങളുടെ 60 കോടി രൂപയുടെ വിറ്റുവരവ് നടന്നതായും ഈ സാമ്പത്തിക വര്‍ഷം 150 കോടിയുടെ വിപണനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരുക്കന്‍ വസ്ത്രമാണ് ഖാദി എന്ന തെറ്റിദ്ധാരണ മാറിക്കഴിഞ്ഞു. നവീന ഡിസൈനുകളില്‍ കുഞ്ഞുടുപ്പുകള്‍, പാന്റ് മെറ്റീരിയല്‍, ലേഡീസ് ടോപ്പ്, ഷര്‍ട്ടുകള്‍, യൂനിഫോമിനുള്ള കാക്കി, നീല വസ്ത്രങ്ങള്‍ എന്നിവ പുതിയ ഖാദിയില്‍ നല്‍കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ആഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ഥികള്‍ ഖാദി യൂനിഫോം ധരിക്കുന്ന വളപട്ടണം താജുല്‍ ഉലമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റിനെയും അധ്യാപകരേയും വിദ്യാര്‍ഥികളേയും അദ്ദേഹം അഭിനന്ദിച്ചു. വൈസ് ചെയര്‍മാനില്‍നിന്ന് സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല ആദ്യവില്‍പന ഏറ്റുവാങ്ങി. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും സഹിഷ്ണുതയുടെയും അടയാളവും രാജ്യത്തിന്റെ പ്രതീകവുമായ ഖാദി വസ്ത്രം ആഴ്ചയില്‍ ഒരു ദിവസം എങ്കിലും ധരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 30 ശതമാനം സര്‍ക്കാര്‍ റിബേറ്റോടെ ജൂണ്‍ 27 വരെയാണ് ഖാദി മേള.

കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. അബ്ദുറഷീദ് സഖാഫി മെരുവമ്പായി, കെ നിസാമുദ്ദീന്‍, വളപട്ടണം താജുല്‍ ഉലമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ കെ അബ്ദുല്‍ ജലീല്‍ ഹാജി, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, കേരള ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ കെ ജിഷ എന്നിവര്‍ സംസാരിച്ചു.