തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കിണർ വെള്ളത്തിൽ കോളിഫോം, പി.എച്ച്, അയൺ എന്നിവ കൂടുതലായി കണ്ടെത്തി. കരകുളം, അണ്ടൂർക്കോണം, പുളിമാത്ത്, കാട്ടാക്കട, തൊളിക്കോട്, ചെങ്കൽ, കാരോട്, കുളത്തൂർ, അതിയന്നൂർ, വെങ്ങാനൂർ, കുന്നത്തുകാൽ, ചെമ്മരുതി, മണമ്പൂർ പഞ്ചായത്തുകളിലെ കിണറുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ബ്ലീച്ചിംഗ് പൗഡർ, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവയുപയോഗിച്ച് കിണറുകളിൽ അണുനശീകരണം നടത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ഡിസ്ട്രിക്ട് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ മെമ്പർ സെക്രട്ടറി അറിയിച്ചു. കൂടാതെ ആറുമാസത്തിലൊരിക്കൽ അടുത്തുള്ള ജില്ലാ ലബോറട്ടറിയിലോ ജല അതോറിറ്റിയിലോ ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.