വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിമുക്തിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തിയുമായി ചേർന്ന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പൊതുവിദ്യാഭാസ വകുപ്പും സഹകരിച്ചാണ് വിദ്യാർത്ഥികളിൽ ക്യാമ്പയിൻ നടത്തുന്നത്.

റീസർജൻസ് 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 26 ന് കാക്കനാട് കാർഡിനൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ തല ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

ചടങ്ങിൽ മന്ത്രി പി. രാജീവ്, ബെന്നി ബഹനാൻ എം. പി, ഉമ തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്താൻ യോഗത്തിൽ തീരുമാനിച്ചു.

എൻ.സി.സി.,എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയിലെ അംഗങ്ങളെ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് തുടർന്നുള്ള ക്യാമ്പയിനുകളുടെ അംബാസഡർമാറാക്കുവാനും വിമുക്തിയുടെ നേതൃത്വത്തിൽ 30 കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി മറ്റു സ്കൂളുകളിൽ ക്യാമ്പയിൻ നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.
എറണാകുളം – 18, കോട്ടയം -21 എന്നീ ബറ്റാലിയനുകളിലെ അംഗങ്ങളുടെ പരേഡും ഗാർഡ് ഓഫ് ഓണറും സംഘടിപ്പിക്കും.

ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ലഹരി വിരുദ്ധ സന്ദേശം അടങ്ങുന്ന ലഘുലേഖ വിതരണം ചെയ്യാനും അതു വഴി കുടുംബാംഗങ്ങളിൽ ബോധവത്കരണം നടത്താനും കഴിയും. സ്കൂളുകളുടെ ചുമരുകളിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രരചന മത്സരങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി നടത്തും.

കളക്ടറുടെ ചേംബറിൽ സംഘടിപ്പിച്ച ആലോചനാ യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ എം. എസ്. മാധവിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ , വിമുക്തി കോ – ഓഡിനേറ്റർ ബിബിൻ ജോർജ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.