ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി ഡി.എം.ഒ അറിയിച്ച സാഹചര്യത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിര യോഗം ചേരണമെന്നും നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം. ഈ അവസരത്തില്‍ നിലവില്‍ തുടരുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയോടൊപ്പം കൊതുക് നിവാരണവും പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകണം. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ സജീവമാക്കുകയും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയും വേണം. വീടിനുള്ളിലും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.

തോട്ടം മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. ചിരട്ട, റബ്ബര്‍, ജാതിക്കതോട്, അടക്കത്തോട് എന്നിവ കൊതുകിന്റെ വളര്‍ച്ചക്ക് ഇടയാകാനാകാത്ത വിധം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച് തൊഴിലാളികള്‍ക്കും അതില്‍ ഉത്തരവാദിത്തം വഹിക്കേണ്ട സ്ഥലമുടമകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കാന്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കുടുംബശ്രീ, തൊഴിലുറപ്പ് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് തൊഴിലിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അട്ടപ്പാടി പോലുള്ള മേഖലകളില്‍ ബോധവത്ക്കരണത്തിന് എസ്.ടി പ്രൊമോട്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കുട്ടികള്‍ അവരവരുടെ വീടുകളില്‍ ഉറവിട നശീകരണം പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഇതില്‍ പങ്കാളികളാകാനും നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.  തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബൂട്ട്സ്, കൈയ്യുറ പോലുള്ള സുരക്ഷാസാമഗ്രികള്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

തീവ്രവ്യാപന സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒയുടെ മുന്നറിയിപ്പ്

ഡെങ്കി തീവ്രവ്യാപന സാധ്യത മുന്നില്‍ കണ്ട് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ. കെ.പി റീത്ത മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വീട്ടുകാര്‍ തന്നെ മുന്‍കൈയെടുക്കണം. പഴകി കിടക്കുന്നതും വെള്ളം കെട്ടികിടക്കുന്നതുമായ കുപ്പികളും പാട്ടകളും ഒഴിവാക്കണം.

ശൈശവദശയിലുള്ള കൊതുകുകള്‍ കുപ്പികളും പാട്ടകളും ഉള്‍പ്പെടെ ഉണങ്ങിയ പ്രതലങ്ങളില്‍ നിലനിന്ന് മഴ പെയ്ത് നനവ് കിട്ടുമ്പോള്‍ ഊര്‍ജ്ജിതമായി വളരുന്ന സാഹചര്യവും ഉണ്ടാകും. ഇത്തരം സാഹചര്യം ഒഴിവാക്കണം. കൊതുക് നശീകരണത്തിന് ഫോഗിങ്ങിനെ മാത്രമായി ആശ്രയിക്കാതെ ഫലപ്രദമായ മറ്റ് മാര്‍ഗങ്ങള്‍ കൂടി പ്രയോഗിക്കണം. ഫോഗിങ്ങില്‍ ശൈശവദശയിലുള്ള കൊതുകുകള്‍ അതിജീവിക്കുമെന്നതിനാല്‍ സമ്പൂര്‍ണമായി കൊതുകുകളെ നശിപ്പിക്കുന്ന മാര്‍ഗം കൂടി സ്വീകരിക്കേണ്ടതുണ്ട്.. അലങ്കാര ചെടികള്‍ നിര്‍ത്തിയിരിക്കുന്ന ബോട്ടിലുകള്‍ ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി നന്നായി വൃത്തിയാക്കി വെക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.

അലനല്ലൂര്‍, കൊടുവായൂര്‍, കരിമ്പ പഞ്ചായത്തുകളാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍. സിക്ക പോലുള്ള വൈറസ് രോഗങ്ങളും ഈഡിസ് കൊതുകുകള്‍ പരത്തുമെന്നതിനാല്‍ ആര്‍.ആര്‍.ടി രൂപീകരിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. സ്‌കൂളുകളില്‍ എല്ലാ വെള്ളിയാഴ്ചയും ഓഫീസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഡോ. ദീപക്, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍, ബയോളജിസ്റ്റ് ആന്‍ഡ് ഡിസ്ട്രിക്ട് മലേറിയ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ബിനുകുട്ടന്‍, നെല്ലിയാമ്പതി  ഇന്‍സ്പെക്ടര്‍ എം.പി പ്രഭാത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.