ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനംവൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂൺ 27ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കെ.എസ്.ഇ.ബി.എൽ, എനർജി മാനേജെന്റ് സെന്റർ, അനെർട്ട്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ്, ഫയർആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ, പൊതുജനങ്ങൾക്കിടയിൽ വൈദ്യുതി സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26 മുതൽ ജൂലായ് രണ്ട് വരെ ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുന്നത്. ഈ വർഷത്തെ സുരക്ഷാ മുദ്രാവാക്യം ‘Electrical safety – Don’t compromise, Be wise’ എന്നാണ്. അപകട രഹിത വൈദ്യുത മേഖല എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന് കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി അപകടങ്ങൾ കുറച്ചു കൊണ്ട് വരുവാൻ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം സ്കൂൾ തലത്തിൽ “വൈദ്യുതി സുരക്ഷ”യെ സംബന്ധിച്ചു നടത്തിയ ഉപന്യാസ മത്സരത്തിലും, ചിത്ര രചനാ മത്സരത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള സമ്മാന വിതരണവും വൈദ്യുതി മന്ത്രി നിർവഹിക്കും. മുൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർവി.സി. അനിൽകുമാർ എഴുതിയ ‘വൈദ്യുതി സുരക്ഷയും ഉപയോഗവും’എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളം ജില്ലയിലെ എടക്കാട് വയൽ പഞ്ചായത്തിൽ നാഷണൽ സേഫ്റ്റി കേരളാ ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ സേഫ്റ്റി ഓഡിറ്റിംഗിന്റെ റിപ്പോർട്ട് പ്രകാശനം എന്നിവയും നടക്കും. തുടർന്ന് വിദഗ്ദ്ധർ നയിക്കുന്ന സാങ്കേതിക സെമിനാറുകൾ നടക്കും.