ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്ക് വാദ്യോപകരണങ്ങളുടെ വിതരണവും തൊഴിലധിഷ്ഠിത കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലുപകരണങ്ങളുടെ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന വകുപ്പ് അസിസ്റ്റന്റ് ഓഫീസര്‍ മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം പത്മിനി, സെക്രട്ടറി എം. രാമന്‍കുട്ടി, ഫിനാന്‍സ് ഓഫീസര്‍ പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 25 ലക്ഷം ചെലവിട്ട് ഒന്‍പത് സംഘങ്ങള്‍ക്കാണ് വാദ്യോപകരണങ്ങള്‍ നല്‍കിയത്. കാലാകാലങ്ങളായി ചെയ്തുപോരുന്ന തൊഴില്‍ അഭ്യസിക്കുന്നതിനും അതിലൂടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം നേടുന്നതിനും പദ്ധതി സഹായിക്കുന്നു.
44 ഗുണഭോക്താക്കള്‍ക്ക് അവര്‍ പരിശീലനം നേടിയിട്ടുള്ള തൊഴിലുമായി ബന്ധപ്പെട്ട തൊഴില്‍ ഉപകരണങ്ങളും വിതരണം ചെയ്തു. പട്ടികജാതി വിഭാഗക്കാരായ ധാരാളം പേര്‍ പലവിധ തൊഴിലധിഷ്ഠിത കോഴ്‌സ് പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും മതിയായ തൊഴിലുപകരണങ്ങളുടെയും സാമ്പത്തിക ചുറ്റുപാടുകളുടെയും അഭാവംമൂലം തൊഴില്‍ നേടാന്‍ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് 20 ലക്ഷം രൂപ നീക്കിയിരിപ്പില്‍ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതികളുടെ ഭാഗമായി ചെണ്ട, ലാപ്‌ടോപ്പ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. ജില്ലാ പട്ടികജാതി വികസന ഓഫീസറാണ് പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍.