വനിത, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകർക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സിനിമാ പദ്ധതിയുടെ 2022-23വർഷത്തേക്കു തെരഞ്ഞെടുത്തവരെ പ്രഖ്യാപിച്ചു.  വനിതാ വിഭാഗത്തിൽ ആതിര ടി.എൻ (തിരക്കഥ ”കഫേ അൺലിമിറ്റഡ്”), മിനി പൂങ്ങാട്ട് (തിരക്കഥ ”കൂത്ത്”) എന്നിവരേയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ  അജിത്ത്.വി (തിരക്കഥ ”ആറ്റുമാലി”), സുമേഷ് സി.എസ്. (തിരക്കഥ ”ബ്രേക്ക് സുകുമാരൻ”) എന്നിവരേയും തെരഞ്ഞെടുത്തു.

സാഹിത്യകാരൻ വി.ജെ. ജെയിംസ്, ചലച്ചിത്ര സംവിധായകൻ   എം.എ. നിഷാദ് എന്നിവർ അംഗങ്ങളായും നടിവിധുബാല ചെയർപേഴ്‌സണുമായഗ്രാന്റ് ജൂറിയാണ് അപേക്ഷകൾ പരിശോധിച്ചത്. കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച്, താരാ രാമാനുജൻ സംവിധാനം ചെയ്ത ”നിഷിദ്ധോ” എന്ന ചിത്രത്തിന് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, 26-ാമത് IFFK യിലെ മികച്ച  ഇന്ത്യൻ നവാഗത സംവിധായകക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. ശ്രുതിശരണ്യം സംവിധാനം ചെയ്ത ”ബി 32 മുതൽ 44 വരെ” എന്ന ചിത്രത്തിന് 2022 ലെ മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്‌കാരവും, 2022 ലെ മികച്ച സിനിമ, മികച്ച തിരക്കഥ എന്നിവക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ലഭിച്ചു.

കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച  ചിത്രങ്ങളായ ”നിഷിദ്ധോ” 2022 നവംബർ 11 നും ”ഡിവോഴ്‌സ്” 2023 ഫെബ്രുവരി 24 നും ”ബി 32 മുതൽ 44 വരെ” 2023 എപ്രിൽ 16 നും കേരളത്തിലെ അമ്പതോളം തീയേറ്ററുകളിൽ റിലീസ് ചെയ്തു. ഈ ചിത്രങ്ങൾ നിരവധി ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചു വരുന്നു.