പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരവസരമായി കാണണമെന്ന് എം.ബി.രാജേഷ് എം.പി. ബാങ്കുകള്‍ വഴിയുള്ള സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് മാനുഷികവും പ്രായോഗികവുമായ സമീപനം ബാങ്കുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 10,000 രൂപയുടെ ധനസഹായം അക്കൗണ്ടിലെത്തിക്കാന്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ബാങ്കുകള്‍ ഈ സാഹചര്യത്തില്‍ പിന്‍വലിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. നിലവില്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പ്രളയബാധിത പ്രദേശങ്ങളില്‍ മാത്രമാണ്. അല്ലാത്ത പ്രദേശങ്ങളില്‍ വ്യക്തിപരമായ നഷ്ടമുണ്ടായവര്‍ക്ക് സഹായം എത്തിക്കാന്‍ ബാങ്കുകള്‍ ഉദാരപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2906 കോടി രൂപ വായ്പവിതരണം ചെയ്ത് ബാങ്കുകള്‍ ജില്ലാ വായ്പ പദ്ധതിയുടെ 21 ശതമാനം ലക്ഷ്യം കൈവരിച്ചു. ഇതില്‍ കാര്‍ഷിക മേഖലയ്ക്ക് 1133 കോടിയും വ്യാവസായിക മേഖലയ്ക്ക് 578 കോടിയും മറ്റു മുന്‍ഗണനാ മേഖലയ്ക്ക് 280 കോടി രൂപയും വായ്പ നല്‍കി. ജില്ലയില്‍ മുന്‍ഗണനാ വായ്പാ വിതരണത്തിനായി 1991 കോടി നല്‍കി 19 ശതമാനം പ്രവര്‍ത്തനം കൈവരിച്ചു. വായ്പാ നിക്ഷേപ അനുപാതം 68.54 ശതമാനം ആയി ഉയര്‍ന്നു. ഈ കാലയളവില്‍ ജില്ലയില്‍ 1362 അപേക്ഷകളിലായി 1350 ലക്ഷം വിദ്യാഭ്യാസ വായ്പ നല്‍കി. കൂടാതെ 1881 സ്വയംസഹായ സംഘങ്ങള്‍ക്ക് 14 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്നുമാസ കാലയളവില്‍ 24,288 കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന 194 കോടി അനുവദിച്ചു. മുദ്രലോണ്‍ വിഭാഗത്തില്‍ 5018 പേര്‍ക്ക് 81 കോടിയും വായ്പ നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ ഗസാലയില്‍ നടന്ന ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, കാനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.എം.ഹരിലാല്‍, ലീഡ് ബാങ്ക് ഡിവിണല്‍ മാനേജര്‍ ഡി.അനില്‍, ആര്‍.ബി.ഐ.ലീഡ് ജില്ലാ ഓഫീസര്‍ ഹരിദാസ്, നബാര്‍ഡ് ജില്ലാ വികസന ഓഫീസര്‍ രമേഷ് വേണുഗോപാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.