കാര്‍ഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. നമ്മുടെ വൈജ്ഞാനിക സമ്പത്ത് കാര്‍ഷിക മേഖലയുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകരെ ആദരിച്ചു. വിളംബരോത്സവത്തിലെ സമ്മാനാര്‍ഹര്‍ക്ക് സമ്മാനം വിതരണം ചെയ്തു.

ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ട്‌ വരെ പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ ദിവസവും രാവിലെ 10ന് ആദരസംഗമങ്ങള്‍, ഉച്ചയ്ക്ക് രണ്ടിന് സാഹിത്യ സദസ്സുകള്‍, 3.30ന് കൃഷി സംബന്ധമായ സെമിനാറുകള്‍, അഞ്ച്‌ മണി മുതല്‍ രാത്രി ഒമ്പത്‌ വരെ കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിട്ടുണ്ട്.

മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍, പൂച്ചെടികള്‍, ഭക്ഷ്യ ഉല്പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍, വിത്തുകള്‍, തുണികള്‍, ഇരുമ്പ് ഉല്പന്നങ്ങള്‍, ചെറുപ്പക്കാല മിഠായികള്‍, ചക്ക – മാങ്ങ ഉല്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന 50ല്‍ പരം സ്റ്റാളുകളുണ്ടാകും.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാര്‍ ടി. വി. ചാര്‍ളി, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, സി സി ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്‌സണ്‍ പാറേയ്ക്കാടന്‍, അഡ്വ. ജിഷ ജോബി, സോണിയ ഗിരി, അഡ്വ. കെ. ആര്‍. വിജയ, സന്തോഷ് ബോബന്‍ , അല്‍ഫോന്‍സ തോമസ്, പി ടി ജോര്‍ജ് തുടങ്ങിയവർ പങ്കെടുത്തു