മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി കോളനികളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി അഞ്ചേരി മോഡല്‍ കോളനിയില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ചേര്‍ന്ന കോളനി നിവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോളനി നിവാസികളുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഭവന പുനരുദ്ധാരണം, റോഡ്, കാന, കിണറുകള്‍ എന്നിവയുടെ നവീകരണം, ചുറ്റുമതില്‍, നടപ്പാത എന്നിവയുടെ നിര്‍മാണം, സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ ഒരുക്കല്‍ തുടങ്ങിയ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി അഞ്ച് കോളനി വിനാസികള്‍ ഉള്‍പ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി.
വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ തുക ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. കോളനി നിവാസികളുടെ ഏത് വികസന ആവശ്യങ്ങള്‍ക്കുമുള്ള ഫണ്ട് കോര്‍പറേഷന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് അംബേദ്കര്‍ കോളനി വികസന പദ്ധതിയുടെ നിര്‍മാണ ചുമതല.
56 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 57 കുടുംബങ്ങളാണ് അഞ്ചേരി മോഡല്‍ കോളനിയില്‍ താമസിക്കുന്നത്. 2021-2022 വര്‍ഷത്തില്‍ അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെട്ട 164 കോളനികളില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് കോളനികളിലൊന്നാണ് അഞ്ചേരി കോളനി. ഒല്ലൂക്കര ഉദയപുരം കോളനിയാണ് പദ്ധതി നടപ്പിലാക്കുന്ന മണ്ഡലത്തിലെ മറ്റൊരു കോളനി. 2022-23 വര്‍ഷത്തെ പദ്ധതിയില്‍ കോര്‍പറേഷന്‍ പരിധിയിലെ പനമുക്ക് ഹെര്‍ബര്‍ട്ട് നഗര്‍ കോളനിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ കോര്‍പറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ വി പ്രബിത, സ്റ്റേറ്റ് നിര്‍മിതി കേന്ദ്ര റീജ്യണല്‍ എഞ്ചിനീയര്‍ എ എം സതീദേവി, ഒല്ലൂര്‍ സോണല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിവ്യ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.