ആലപ്പുഴ: മഴക്കാലത്ത് കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണം ഊര്‍ജിതമാക്കുന്നതിന് ജില്ലയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. മഴക്കാലമുന്നൊരുക്കങ്ങളും പകര്‍ച്ചവ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യാനായി കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഡെങ്കി, എച്ച്.1 എന്‍.1, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ വരുന്ന പത്ത് ദിവസം ഏറ്റവും നിര്‍ണായകമാണെന്നും പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഊര്‍ജിതമാക്കണമെന്നും യോഗം വിലയിരുത്തി. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിനായി മണ്ഡലതലം മുതല്‍ വാര്‍ഡ് തലം വരെ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും. ഓരോ മണ്ഡലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചു.

സ്‌കൂളുകളില്‍ വെള്ളിയാഴ്ചയും സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കും. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. ജൂലൈ,ഓഗസ്റ്റ് മാസങ്ങള്‍ മുന്‍നിര്‍ത്തി അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന നടത്തും. ലഘുഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളില്‍ ആഹാരപാനീയങ്ങളുടെയും ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും വൃത്തി ഉറപ്പാക്കും. ഫാമുകള്‍ കേന്ദ്രീകരിച്ച് പരിശോധ നടത്തും. പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് (എം.സി.എഫ്.) മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഐ.ഇ.സി. ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കും. തോടുകള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കുന്നതിനും ആഴം കൂട്ടുന്നതിനുമുള്ള നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളും.

ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതിയുണ്ടെങ്കില്‍ അത് പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കടലാക്രമണ ഭീഷണി നേരിടുന്നവരുടെ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണാനും നിര്‍ദേശിച്ചു.

യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല, മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ. വി. ശ്രീകുമാര്‍, ഡി.എം.ഒ. ജമുന വര്‍ഗീസ്, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കോശി പണിക്കര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.