കെ-സ്റ്റോറുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും കെ-സ്റ്റോര്‍ വഴി നല്‍കുന്ന സേവനങ്ങളെക്കുറിച്ച്‌ അവബോധം നല്‍കുന്നതിനുമായി ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ശില്പശാല റേഷനിംഗ്‌ കണ്‍ട്രോളര്‍ കെ മനോജ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉത്തരമേഖലാ റേഷനിംഗ്‌ ഡെപ്യൂട്ടി കണ്‍ട്രോളര്‍ മോളി യു അധ്യക്ഷത വഹിച്ചു.

പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും റേഷന്‍ കടകളെ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനുതകും വിധം മാറ്റുന്നതിന്‌ പൊതുവിതരണ വകുപ്പ്‌ ആവിഷ്കരിച്ച്‌ നടപ്പാക്കുന്ന സംവിധാനമാണ് കെ സ്റ്റോർ. കോഴിക്കോട്‌, മലപ്പുറം, കാസറഗോഡ്‌, കണ്ണൂര്‍, വയനാട്‌ ജില്ലകളിലെ പൊതുവിതരണ വകുപ്പ്‌ ഉദ്യോഗസ്ഥരും കെ സ്റ്റോര്‍ ലൈസൻസികളും ശില്പശാലയിൽ പങ്കെടുത്തു.

ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടർ ജയിംസ്‌ തോമസ്‌, മിൽമ പ്രൊഡക്ട്‌ ഇന്‍ ചാര്‍ജ്ജ്‌ ശരത്‌ ചന്ദ്രന്‍, സി എസ്‌ സി ചീഫ്‌ പ്രൊജക്ട്‌ മാനേജര്‍ മോഹന്‍ കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അസിറ്റന്റ് മാനേജര്‍ ഹര്‍ഷിത്‌ കുമാര്‍, എന്നിവര്‍ കെ സ്റ്റോര്‍ വഴി നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ക്ലാസ്സുകളെടുത്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ബേബി കാസ്കോ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ (ഐ/സി) കുമാരി ലത വി സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട്‌ സദാശിവന്‍ സി നന്ദിയും പറഞ്ഞു.