സപ്‌ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്കു
ജൂൺ 22 വരെ 127.04 കോടി രൂപ വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ ജില്ലാവികസനസമിതി യോഗത്തെ അറിയിച്ചു. 5.37 കോടി രൂപയാണ് ഇനി കർഷകർക്കു നൽകാനുള്ളത്. ഇതിൽ 2.62 കോടി രൂപ ബാങ്കുകൾ നൽകാനുള്ളതാണ്. ബാക്കി 2.75 കോടി രൂപ മേയ് 15ന് ശേഷമുള്ള പേ ഓർഡറുകളിലേത് ആണ്. മേയ് 15 വരെയുള്ള പേ ഓർഡർ പ്രകാരമുള്ള തുകയാണ് വിവിധബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. മേയ്് 15നു ശേഷമുള്ള പേ ഓർഡറുകളിലെ വിതരണം ആരംഭിച്ചിട്ടില്ല.
2022-2023 വർഷം രണ്ടാം കൃഷി സീസണിൽ 46,734 മെട്രിക് ടൺ നെല്ല് സംഭരിച്ച വകയിൽ132.35 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. 2023 മാർച്ച് 28 വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂൺ 22 വരെ കനറാ ബാങ്കിലൂടെ 42.74 കോടി രൂപയും ഫെഡറൽ ബാങ്കിലൂടെ 21.52 കോടി രൂപയും എസ്.ബി.ഐയിലൂടെ 31 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.
വഴിയരികിലും സ്‌കൂളുകൾക്കു സമീപവും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും ശിഖരങ്ങൾ നീക്കുന്നതിനും അടിയന്തരനടപടിയെടുക്കാനും ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണവകുപ്പും പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്നു സത്വര നടപടികളെടുക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
ലഹരിവിരുദ്ധപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടികൾ കുട്ടികൾക്കു കൂടുതൽ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കു മാറ്റിസ്ഥാപിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു.
സ്‌കൂളുകൾക്കു സമീപവും വിദ്യാർഥികൾ പോകുന്ന വഴികളിലും ടിപ്പറുകളും ടോറസുകളും അനധികൃതമായി പാർക്കു ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അടിയന്തരനടപടി എടുക്കണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ റോഡുകളിലെയും അനധികൃത പാർക്കിംഗ് പരിശോധിക്കുന്നതിന് പ്രത്യേക ഡ്രൈവ് നടത്തുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു.
വൈക്കം താലൂക്ക് ആശുപത്രിയ്ക്കു സമീപമുള്ള റോഡിലെ പാർക്കിംഗ് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി വേണമെന്നു സി.കെ. ആശ എം.എൽ.എ. ആവശ്യപ്പെട്ടു. ആശുപത്രിവളപ്പിലെ പാർക്കിംഗ് ഫീസ് ഒഴിവാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പൂഞ്ഞാർ മണ്ഡലത്തിലെ വനാതിർത്തി പങ്കിടുന്ന മൂന്നു ഗ്രാമപഞ്ചായത്തുകളിലെയും വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് ജില്ലാ ഭരണകൂടം ശക്തമായ നടപടി കൈക്കൊള്ളണമെന്നു അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ്് കെ. മാണി എം.പിയുടെ പ്രിതിനിധി ജയ്‌സൺ മാന്തോട്ടം, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ,തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ജില്ലാതല ഉദ്യോസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.