മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ മൈം സംഘടിപ്പിച്ചു. കളക്ടറേറ്റ്, വൈറ്റില മൊബിലിറ്റി ഹബ്ബ്, സൗത്ത് റെയിൽ വേ സ്റ്റേഷൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ മൈം സംഘടിപ്പിച്ചു.

ജില്ലാ ശുചിത്വ മിഷനും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ എം.എസ്. ഡബ്ല്യു വിദ്യാർഥികളും സംയുക്തമായാണ് മൈം സംഘടിപ്പിച്ചത്. കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്കരണ ശീലങ്ങൾ, ശരിയായ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകി കൊണ്ടാണ് മൈം അവതരിപ്പിച്ചത്.

വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പരിപാടിക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. വരും ദിവസങ്ങളിൽ പരിപാടി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം മൈം അവതരിപ്പിക്കും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള ശീലങ്ങൾ മാറ്റുന്നതിനായി ആക്ഷൻ പ്ലാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ ഇടപെട്ട് കൃത്യമായ മാലിന്യ സംസ്കരണം നടപ്പാക്കുന്നതിനുള്ളബോധവത്കരണ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികളുമായി ചേർന്ന് നടപ്പിലാക്കുന്നത്.