ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ദേശീയ പാത അതോറിറ്റി അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡ് ഉയർന്നപ്പോൾ ഇരുവശത്തുമുള്ള കനാലുകളും തോടുകളും കാനകളും അടഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പറവൂർ നഗരസഭയിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. മഴ ശക്തിയാകുന്നതോടെ റോഡിന് ഇരുവശത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടും. കാനകളിൽ മലിനജലം കെട്ടിക്കിടക്കും. കക്കൂസ് മാലിന്യം അടക്കമുള്ള അഴുക്കു ജലം വീടുകളിൽ കയറും തുടങ്ങിയ പ്രശ്നങ്ങൾ ജനപ്രതിനിധികൾ യോഗത്തിന്റെ ശ്രദ്ധയിൽ പെടുത്തി.
നോർത്ത് പറവൂർ നഗരസഭയെ കൂടാതെ വരാപ്പുഴ, ചിറ്റാറ്റുകര, വടക്കേക്കര, ചേരാനല്ലൂർ തുടങ്ങിയ പഞ്ചായത്ത് പ്രസിഡന്റുമാരും ഇതേ ആശങ്കകൾ യോഗത്തിൽ പങ്കുവച്ചു. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായാണ് സംയുക്ത പരിശോധന നടത്തുക.
ദേശീയ പാതയ്ക്ക് വേണ്ടി സ്ഥലം വിട്ടു കൊടുത്തവർ അടക്കം ദേശീയ പാതയുടെ അരികിൽ വീട് വയ്ക്കുന്ന ആളുകൾക്ക് ലഭിക്കേണ്ട സമ്മതപത്രം (എൻ.ഒ.സി) നൽകുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ഹൈബി ഈഡൻ എം.പി ദേശീയ പാത അതോറിറ്റി അധികൃതരെ അറിയിച്ചു. ദേശീയ പാതയിലേക്ക് നേരിട്ട് പ്രവേശനം ഉള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് എൻ.ഒ.സി ആവശ്യമുള്ളു എന്ന് ദേശീയ പാത അതോറിറ്റി അധികൃതർ അറിയിച്ചു. ദേശീയ പാതയുടെ അരികിൽ കെട്ടിടം നിർമ്മിക്കുകയും പ്രവേശനം ഏതെങ്കിലും സൈഡിലേക്കുള്ള പഞ്ചായത്ത് റോഡിലേക്കോ, പി.ഡബ്ലിയു.ഡി റോഡിലേക്കോ ആണെങ്കിൽ എൻ.ഒ.സി യുടെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഫീസ് ഈടാക്കുന്നത്. വീട് നിർമ്മാണത്തിനുള്ള എൻ.ഒ.സിക്ക് ഫീസ് ഇല്ല. ഈ നടപടികൾ വേഗത്തിലാക്കാമെന്ന് ദേശീയപാത അധികൃതർ യോഗത്തിൽ ഉറപ്പ് നൽകി.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ആശങ്കകൾ ഗൗരവമായെടുക്കണമെന്ന് പറവൂർ എം.എൽ.എ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ആവശ്യം വരുന്ന 14 അണ്ടർ പാസുകളുടെ ആവശ്യകത ജനപ്രതിനിധികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. വിഷയം പരിശോധിക്കാമെന്ന് ദേശീയ പാത അധികൃതർ ഉറപ്പ് നൽകി.
ഇടപ്പള്ളി സിഗ്നൽ ജംഗ്ഷൻ മുതൽ ഒബ്രോൺ മാൾ വരെയുള്ള 700 മീറ്റർ ദൂരം വീതി കൂട്ടി ആറ് വരി പ്പാതയാക്കുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു. അത് കഴിഞ്ഞാൽ അരൂർ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള സാധ്യതയുടെ പഠനം നടത്തി വരികയാണെന്ന് അവർ അറിയിച്ചു. ഇതിന്റെ വിശദ പദ്ധതി രേഖ ഉടൻ തയ്യാറാകുമെന്നും അറിയിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻസുൽ ശർമ്മ,നോർത്ത് പറവൂർ മുൻസിപ്പൽ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ, വൈസ് ചെയർമാൻ എം.ജെ രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി രാജ് കുമാർ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്,വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.